ജില്ലയിലെത്തുന്ന അന്യസംസ്ഥാന പച്ചക്കറികളിലും പഴങ്ങളിലും പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
ജില്ലയില്‍ റംസാന് കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ എത്തുന്ന പഴം, പച്ചക്കറി, മത്സ്യം എന്നിവയില്‍ പ്രത്യേക പരിശോധന ഊര്‍ജിതമാക്കി ഭക്ഷ്യ സുരക്ഷ വകുപ്പ്. മാരകമായ വിഷം കലര്‍ന്നതും അമിതമായ രാസവസ്തുക്കളുടെ ഉപയോഗിച്ച ഭക്ഷ്യവസ്തുക്കളുടെ വില്പന തടയുന്നതിനാണ് പരിശോധന കര്‍ശനമാക്കിയത്.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ മുപ്പത്തിയൊന്ന് കടകളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. 21 പഴം -പച്ചക്കറി മാര്‍ക്കറ്റുകളിലും ആറ് മത്സ്യ മാര്‍ക്കറ്റുകളിലും നാല് മറ്റു കടകളിലും സംഘം പരിശോധന നടത്തി. അഞ്ച് കടകള്‍ക്ക് നോട്ടീസ് നല്കി. മത്സ്യത്തില്‍ ഫോര്‍മാലിന്റെ അളവ് എത്രത്തോളമെന്ന് മനസ്സിലാക്കാന്‍ മത്സ്യത്തിന്റെ സാമ്പിള്‍ എടുത്തു. അമിതമായ രാസവസ്തുക്കളുടെ ഉപയോഗം കാരണം ഭക്ഷ്യയോഗ്യമല്ലാത്ത പഴങ്ങള്‍ കണ്ടെത്തുകയും സ്റ്റോക്ക് നശിപ്പിക്കുകയും ചെയ്തു. മാങ്ങയിലാണ് രാസവസ്തുക്കളുടെ ഉപയോഗം കൂടുതല്‍ കണ്ടെത്തിയത്. പഴങ്ങളില്‍ അമിതമായ രാസവസ്തുക്കളുടെയും മാരക വിഷാംശത്തിന്റെയും ഉപയോഗം കണ്ടെത്തിയാല്‍ അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറനാട്, വണ്ടൂര്‍, മഞ്ചേരി ,നിലമ്പൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ, വള്ളിക്കുന്ന്, കൊണ്ടോട്ടി, വേങ്ങര, പൊന്നാനി, തിരൂര്‍ ,തിരൂരങ്ങാടി, താനൂര്‍, തവനൂര്‍ കോട്ടക്കല്‍ തുടങ്ങിയ സ്ഥലങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന ശക്തമാക്കിയത്. ജില്ലയില്‍ റംസാന് നാളുകളില്‍ മികച്ച വിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റുമായി വന്‍തോതില്‍ പഴങ്ങളും പച്ചക്കറികളുമാണ് എത്തി തുടങ്ങിയിട്ടുള്ളത്. അവയില്‍ കൂടുതലും മാരകമായ വിഷാംശമാണെന്ന വ്യാപകമായ പരാതിയും ഇതിനകം ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കും.
- Log in to post comments