Skip to main content

പരീക്ഷാഫലം പേടി വേണ്ട- പിന്തുണയുമായി അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ യൂനിറ്റ്

 

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പേടിയില്ലാതെ പരീക്ഷാഫലത്തെ നേരിടാന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ യൂനിറ്റ്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് കീഴിലുള്ള അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ യൂനിറ്റാണ്  കുട്ടികള്‍ക്കിടയിലുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം, ആത്മഹത്യ പ്രവണത, എന്നിവ ഒഴിവാക്കുന്നതിനായി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
അമിത പ്രതീക്ഷകള്‍ ഒഴിവാക്കുക
കുട്ടികളെ പറ്റിയുള്ള പ്രതീക്ഷകള്‍ ഒരിക്കല്‍ കൂടി പരിശോധിച്ച് നോക്കണം. കുട്ടിയുടെ കഴിവിനും ഭാവിക്കും ചേര്‍ന്നുള്ള പ്രതീക്ഷകളാണോ കുട്ടികളോട് പങ്കുവെച്ചിരിക്കുന്നതെന്ന് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം.  എല്ലാ കുട്ടികള്‍ക്കും ഒന്നാമതാകുവാനോ റാങ്ക് വാങ്ങുവാനോ സാധിക്കില്ല. പഠനം ജീവിതത്തിലെ ഒരു മേഖല മാത്രമാണ്.
മാര്‍ക്കിനെയും ഗ്രേഡിനെയും പറ്റി ചര്‍ച്ച ചെയ്യരുത്
റിസല്‍ട്ട് എന്തുതന്നെയായാലും ഞങ്ങളുണ്ട് കൂടെ,നിന്റെ പരമാവധി നീ ശ്രമിച്ചിട്ടുണ്ട് എന്ന മാതാപിതാക്കളുടെ ഉറപ്പ് കുട്ടികളില്‍ നല്‍കിയാല്‍ അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ഒറ്റയ്‌ക്കെല്ലായെന്ന തോന്നലുണ്ടാക്കുകയും ചെയ്യും.
താരതമ്യം ചെയ്യരുത്
മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് കുട്ടിയുടെ ആത്മവിശ്വാസത്തില്‍ വിള്ളലുണ്ടാക്കും. കുട്ടിയുടെ പഠന നിലവാരം അളക്കേണ്ടത് മറ്റുകുട്ടികളുമായല്ല, മറിച്ച് കുട്ടിയുടെ കഴിഞ്ഞകാല പഠന നിലവാരം താരതമ്യപ്പെടുത്തി കൊണ്ടാവണം.
പ്രതിഫലേച്ഛ ഇല്ലാതെയുള്ള പിന്തുണ
മാതാപിതാക്കളുടെയും അധ്യാപകരുടെയും സമയോചിതമായ ഇടപെടലും പൂര്‍ണപിന്തുണയുമാണ് കുട്ടികളുടെ വിജയത്തിലേക്കുള്ള ചവിട്ടുപടി. കേവലം മാര്‍ക്കിനും ഗ്രേഡിനും അപ്പുറം ആത്മവിശ്വാസവും ആത്മാര്‍ത്ഥതയും സേവനമനോഭാവവുമുള്ള കുട്ടികളായി നോക്കി കാണുക.
കുട്ടികള്‍ ഓര്‍ക്കാന്‍
സ്വയം കുറ്റപ്പെടുത്താതെ സ്വന്തം തെറ്റുകള്‍ മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോവുക. നല്ല നിരീക്ഷകനായിരിക്കുക.
പരീക്ഷാഫലത്തെ എങ്ങനെ സമീപിക്കാം
മോശമോ പ്രതീക്ഷിക്കാത്തതോ ആയ റിസല്‍ട്ട് മെച്ചപ്പെട്ട കേന്ദ്രീകൃതമായ പഠനത്തിന് വഴി തുറക്കാനുള്ള അവസരമായി കണക്കാകുക. പഠന ശൈലിയില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുക. കൂട്ടുകാരുടെ മാര്‍ക്കുമായി നിങ്ങളുടെ മാര്‍ക്കിനെ താരതമ്യപ്പെടുത്താതിരിക്കുക.
24 മണിക്കൂറും സഹായം തേടാം

പരീക്ഷാഫലം സംബന്ധമായ മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും പരിഹരിക്കാന്‍ ഏതുസമയത്തും ബന്ധപ്പെടാം. ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് മലപ്പുറം- 0483-2978888, 8281899469, സൈക്കോളജിസ്റ്റ്- 9400097483, കൗണ്‍സലര്‍-9544786906.

 

date