കക്കോടി പ്രീ മെട്രിക് ഹോസ്റ്റലിന് നൂറുമേനി
ഇത്തവണ എസ്.എസ്.എല്‍സി പരീക്ഷയിലെ വിജയികളില്‍ കക്കോടിയിലെ പ്രീമെട്രിക് ഹോസ്റ്റല്‍ അന്തേവാസികള്‍ നേടിയ നൂറുശതമാനം വിജയം വേറിട്ടു നില്ക്കുന്നു. പിന്നോക്ക സാഹചര്യങ്ങളില്‍ നിന്നു വരുന്ന അഞ്ചു വിദ്യാര്‍ത്ഥിനികളാണ് (അനാമിക.സി.കെ ,അരുണിമ.എ.കെ , ഭദ്ര.എം.കെ ,മേഘ്ന.പി.കെ ,വിസ്മയ.കെ.കെ ) ഇവിടെ നിന്ന് ഈ വര്‍ഷം പത്താംക്ളാസ് പാസായത്.
അവരുടെ വിജയലക്ഷ്യത്തിലേക്കായി നേരത്തേതന്നെ ഒരുക്കങ്ങളാരംഭിച്ചിരുന്നു. പാഠ്യവിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചത്. രാവിലെയും വൈകുന്നേരവുമുള്ള റഗുലര്‍ ട്യൂഷനായിരുന്നു ഇതിലൊന്ന്. സ്‌കൂളിലെ ക്ലാസുകളില്‍ നഷ്ടപ്പെട്ടു പോകുന്ന പാഠഭാഗങ്ങള്‍ ഇതിലൂടെ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞു. ഇതോടൊപ്പം ആവശ്യമുള്ള പുസ്തകങ്ങള്‍ക്കായി ഒരു ലൈബ്രറി കൂടി ഈ ഘട്ടത്തില്‍ ആരംഭിച്ചതും ഏറെ പ്രയോജനകരമായി.
എല്ലാവര്‍ക്കും ആവശ്യമായ വൈദ്യപരിശോധനയും അതോടൊപ്പം വിദഗ്ധമായി തയ്യാറാക്കിയ മെനുവനുസരിച്ചുള്ള ഭക്ഷണവും നല്‍കി. സ്‌കൂള്‍ യൂണിഫോമിനും പഠനോപകരണങ്ങള്‍ക്കും പുറമേ, ഹോസ്റ്റലില്‍ ധരിക്കാനുള്ള നൈറ്റ് ഡ്രസ്സുകള്‍ , ചെരിപ്പ് ,കുട എന്നിവ സൗജന്യമായി നല്‍കി. പോക്കറ്റ് മണിയായി 270 കൂടി വകുപ്പ് ഇവര്‍ക്കായി നല്‍കിയിരുന്നു. ഈ അഞ്ചു വിദ്യാര്‍ത്ഥിനികള്‍ക്കായി ഒരു ഹോസ്റ്റല്‍ വാര്‍ഡന്‍ , രണ്ടു പാചകക്കാര്‍ , ഒരു നൈറ്റ് വാച്ച്മാന്‍ എന്നീ ജീവനക്കാര്‍ ഇവിടെയുണ്ട്. വിദ്യാര്‍ത്ഥിനികളുടെ പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിന് ഒരു റസിഡന്റ് ട്യൂട്ടറേയും പ്രത്യേകമായി നിയമിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യപരിപാലനത്തിനായുള്ള മെഡിക്കല്‍ ക്യാമ്പുകള്‍, വ്യക്തിത്വ വികസനത്തിനായുള്ള പേഴ്സണാലിറ്റി ഡവലപ്പ്മെന്റ് പരിശീലനങ്ങള്‍ എന്നിവ ഈ കാലയളവില്‍ നല്‍കി.
പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പും ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നാണ് കക്കോടിയിലെ ഈ പ്രീ മെട്രിക് ഹോസ്റ്റല്‍ നടത്തുന്നത്.
- Log in to post comments