നിലമ്പൂരില്‍ പരമ്പരാഗത ജലസ്രോതസ്സുകള്‍ പുനരുദ്ധരിക്കുന്നു
നിലമ്പൂര്‍ ബ്ലോക്കിന്റെ കീഴിലുള്ള ആറു പഞ്ചായത്തുകളിലും പുഴയുടെ സ്വാഭാവിക ഒഴുക്ക് ശക്തിപ്പെടുത്തുന്നതിന് പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ശക്തമാക്കുന്നു. തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്നു സംയോജിപ്പിച്ചാണു പദ്ധതി നടപ്പിലാക്കുന്നത്. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന മഴക്കാല പൂര്‍വ്വ ശുചീകരണ ബ്ലോക്ക് തല യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി സുഗതന് അധ്യക്ഷത വഹിച്ചു.
മാലിന്യ മുക്ത ചാലിയാര്‍ പദ്ധതിയുമായി കൂടി സംയോജിപ്പിച്ച് പുഴകളിലെ മാലിന്യം ഒഴിവാക്കി പുഴയുടെ ഒഴുക്കിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചു. മെയ് 11, 12 തീയതികളില്‍ എല്ലാ പഞ്ചായത്തുകളിലെയും വാര്‍ഡുകളില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തികള്‍ നടത്താനും യോഗം നിര്‍ദ്ദേശിച്ചു. ബി.ഡി.ഒ സി.രാജീവ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വി.ഇ.ഒമാര്‍, എം.ജി.എന്‍.ആര്.ഇ.ജി.എസ് ഉദ്യോഗസ്ഥര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments