പരിഹാരം വീടിനടുത്ത്; മാലിന്യക്കൂമ്പാരം പഴങ്കഥയാക്കാം
വീട്ടിലും പറമ്പിലുമുള്ള ഉപയോഗശൂന്യമായ വസ്തുക്കള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുന്നില്‍ പ്രതീക്ഷയുടെ വഴി തുറക്കുകയാണ് ഈ മാസം 11,12 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല ശുചീകരണ യജ്ഞം. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തരംതിരിച്ച് സൂക്ഷിക്കുന്ന എട്ടിനം അജൈവ മാലിന്യങ്ങള്‍ അതത് മേഖലകളിലെ കളക്ഷന്‍ കേന്ദ്രങ്ങളിലാണ് എത്തിക്കേണ്ടത്. 1. പ്ലാസ്റ്റിക് കുപ്പികള്‍, 2. പ്ലാസ്റ്റിക് കവറുകള്‍ (ക്യാരി ബാഗുകള്‍, പായ്ക്കിംഗ് കവറുകള്‍, കട്ടി കുറഞ്ഞ മറ്റു പ്ലാസ്റ്റിക്കുകള്‍) 3. കട്ടി കൂടിയ പ്ലാസ്റ്റിക് വസ്തുക്കള്‍ (കസേര, പാത്രങ്ങള്‍ മുതലായവ) 4. വസ്ത്രങ്ങള്‍ (തുണികൊണ്ടുളള മറ്റു വസ്തുക്കള്‍) 5. കുപ്പിച്ചില്ല് 6. ചെരുപ്പ്, ബാഗ്, ലെതര്‍ വസ്തുക്കള്‍ 7. സിഎഫ്എല്‍, ട്യൂബ് ലൈറ്റുകള്‍ 8. ഇലക്‌ട്രോണിക് വസ്തുക്കള്‍ എന്നിങ്ങനെയാണ് മാലിന്യങ്ങള്‍ തരം തിരിക്കേണ്ടത്.
തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് പ്രാദേശികതലത്തില്‍ ശുചീകരണ യജ്ഞത്തിന് നേതൃത്വം നല്‍കുക. ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, എസ്പിസി, കുടുംബശ്രീ -തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാകും ശുചീകരണം. മാലിന്യങ്ങള്‍ എത്തിക്കേണ്ട സ്ഥലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങളെ മുന്‍കൂട്ടി അറിയിക്കും. പരിപാടിയില്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.
വീടുകളിലും കടകളിലും സൂക്ഷിച്ചിട്ടുളളതും പൊതുസ്ഥലങ്ങളിലും പറമ്പുകളിലും ഉപേക്ഷിച്ചിട്ടുളളതുമായ മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിനും നാടിനെ മാലിന്യ മുക്തമാക്കുന്നതിനുമുളള യജ്ഞത്തില്‍ എല്ലാ വിഭാഗം ആളുകളും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അറിയിച്ചു.
- Log in to post comments