അഭിരുചി അറിഞ്ഞ് പഠിക്കാം: പ്ലസ് വണ്‍ അപേക്ഷകരെ സഹായിക്കാനായി ഫോക്കസ് പോയിന്റ്
പ്ലസ് വണ്ണിന് ഏത് കോഴ്സ് തെരഞ്ഞെടുക്കണം, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ ആശങ്കകള്‍ ഇനി വിദ്യാര്‍ഥികള്‍ക്ക് വേണ്ട. തങ്ങളുടെ അഭിരുചികള്‍ അറിഞ്ഞ് കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ ഫോക്കസ് പോയിന്റ് പരിപാടിയുമായി ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കി അവര്‍ക്ക് അനുയോജ്യമായ വിഷയം തെരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിനും ഏകജാലക സംവിധാനത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഫോക്കസ് പോയിന്റ് എന്ന പേരില്‍ ആറ് ദിവസം നീണ്ട് നില്‍ക്കുന്ന ഹെല്‍പ് ഡസ്‌ക്ക് ആരംഭിച്ചിരിക്കുന്നത്.
ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റിന്റെ കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൗണ്‍സലിംഗ് സെല്ലിന്റെ നേത്വത്തില്‍ നടത്തുന്ന ഹെല്‍പ് ഡസ്‌കിന് ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ അഞ്ച് കേന്ദ്രങ്ങളാണുള്ളത്. പരിശീലനം ലഭിച്ച രണ്ട് വീതം കരിയര്‍ ഗൈഡ്മാരുടെ സേവനം ഇവിടങ്ങളില്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഗ്രൂപ്പായും അല്ലാതെയും ബന്ധപ്പെട്ട വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കും. വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് സഹായിക്കുക, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുമ്പോഴുണ്ടാകുന്ന തെറ്റുകള്‍ ഇല്ലാതാക്കുക തുടങ്ങിയവയാണ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.
ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ (കണ്ണൂര്‍- 9495261997), ബിഇഎംപി എച്ച്എസ്എസ് (തലശ്ശേരി- 9846944169), ചാവശ്ശേരി എച്ച്എസ്എസ് (ഇരിട്ടി- 9495544997), മൂത്തേടത്ത് എച്ച്എസ്എസ് (തളിപ്പറമ്പ്- 9447548835), പയ്യന്നൂര്‍ ഗേള്‍സ് എച്ച്എസ്എസ്(പയ്യന്നൂര്‍- 9446266959) എന്നിവിടങ്ങളിലാണ് ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് നേരിട്ട് കേന്ദ്രങ്ങളിലെത്തിയോ ഫോണ്‍ മുഖേനയോ ആശങ്കകളും സംശയങ്ങളും ഗൈഡ്മാരുമായി പങ്ക് വയ്ക്കാവുന്നതാണ്.
കണ്ണൂര്‍ ടൗണ്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സജ്ജീകരിച്ച ഹെല്‍പ് ഡെസ്‌കിന്റെ ഉദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ശ്രീജ അധ്യക്ഷത വഹിച്ചു. ഗൈഡ്മാരായ ആര്‍ റീജ, കെ സുന്‍ദാസ്, പി ടി എ പ്രസിഡന്റ് ടി എം അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു
- Log in to post comments