മഴക്കാല പൂർവ്വ ശുചീകരണം : തൃശൂരിലെ പൊതു ഇടങ്ങളും സർക്കാർ സ്ഥാപനങ്ങളും ശുചീകരിക്കും
മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തൃശൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ പൊതു ഇടങ്ങളും സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും ശുചീകരിക്കുമെന്ന് നിയോജക മണ്ഡലം എംഎൽഎ കൂടിയായ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്കു മുന്നോടിയായി തൃശൂർ കോർപ്പറേഷൻ ഓഫീസിൽ മന്ത്രിയുടെ നേതൃത്വത്തിൽ മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി അധ്യക്ഷന്മാർ, കോർപ്പറേഷൻ കൗൺസിലർമാർ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു. മെയ് 10, 11, 12 തിയതികളിലാണ് ശുചീകരണ പ്രവർത്തനം. ഡിവിഷൻ തലത്തിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ചെയ്യേണ്ട ശുചീകരണ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തും. ആരോഗ്യ വിഭാഗം ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക.
കോർപ്പറേഷന്റെ തനതു ഫണ്ടിൽ നിന്നാണ് ശുചീകരണത്തിന് തുക വകയിരുത്തുന്നത്. നിയോജക മണ്ഡലത്തിലെ സ്‌കൂളുകൾ, കളക്ടറേറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകൾ, വിയ്യൂർ ജയിൽ, കോളേജുകൾ, ഹോസ്റ്റലുകൾ, അവിടങ്ങളിലെ ശൗചാലയങ്ങൾ എന്നിവയും ശുചീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള മേഖലകളിൽ പ്രത്യേക ശുചീകരണം നടത്തുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്യും. ഇവരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കും.
വീടുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ കൊതുകു നിവാരണ മാർഗങ്ങൾ ഒരുക്കും. പൂങ്കുന്നം, തൃശൂർ റയിൽവേ സ്‌റ്റേഷൻ പരിസരങ്ങൾ വൃത്തിയാക്കും. മഞ്ഞപ്പിത്തം പടർന്നു പിടിച്ച തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്, രാമവർമ്മപുരത്തെ പോലീസ് അക്കാദമി എന്നിവിടങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത് നിരീക്ഷിക്കും. നിയോജക മണ്ഡലത്തിലെ കോളനി പരിസരങ്ങൾ, കിണറുകൾ എന്നിവയും ശുചീകരിക്കും. ജലജന്യ രോഗങ്ങളെ കണ്ടെത്തി പ്രതിരോധിക്കാനുള്ള മാർഗങ്ങളും ഇതോടൊപ്പം നടപ്പാക്കാനും തീരുമാനമായി.
- Log in to post comments