കേരള മീഡിയ അക്കാദമി: പി.ജി ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ ജേർണലിസം & കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ്, ടിവി ജേർണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
പ്രിന്റ്, ടെലിവിഷൻ, റേഡിയോ, ഓൺലൈൻ, സോഷ്യൽ മീഡിയ തുടങ്ങിയ മാധ്യമപ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ്് ജേർണലിസം & കമ്യൂണിക്കേഷൻ കോഴ്‌സ്. പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് രംഗത്തെ നൂതന പ്രവണതകൾക്ക് ഊന്നൽ നൽകുന്ന കോഴ്‌സിന്റെ പാഠ്യപദ്ധതിയിൽ പ്രിന്റ്,ടെലിവിഷൻ, സോഷ്യൽ മീഡിയ, അഡ്വർടൈസിങ്ങ് എന്നിവയും ഉൾപ്പെടുന്നു. ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ, മീഡിയ കൺവേർജൻസ്, മൊബൈൽ ജേർണലിസം തുടങ്ങിയ അത്യാധുനിക മേഖലകളിലെ കാമറ, എഡിറ്റിങ്ങ്, പ്രൊഡക്ഷൻ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സമഗ്രമായ പ്രായോഗിക പരിശീലനം നൽകുന്ന കോഴ്‌സാണ് ടെലിവിഷൻ ജേർണലിസം.
കോഴ്‌സിന്റെ ദൈർഘ്യം ഒരുവർഷമാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. 31.5.2019ൽ 35 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് ഫീസിളവുണ്ട്. അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ പ്രവേശനപരീക്ഷാകേന്ദ്രം ഉണ്ടായിരിക്കും.
അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരിൽ എറണാകുളം സർവീസ് ബ്രാഞ്ചിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നൽകണം. ഫീസ് നൽകാത്ത അപേക്ഷകൾ സ്വീകരിക്കില്ല.
പൂരിപ്പിച്ച അപേക്ഷാഫോറം മെയ് 31ന് വൈകിട്ട് 5 മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ അക്കാദമി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0484 2422275, 0484 2422068. ഇ-മെയിൽ: keralamediaacademy.gov@gmail.com .
- Log in to post comments