മൊബൈൽ ഫോൺ ടവർ റേഡിയേഷൻ : ട്രായ് വിലയിരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
മൊബൈൽ ഫോൺ ടവറുകളുടെ റേഡിയേഷൻ അളവ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കാലാകാലങ്ങളിൽ പരിശോധിച്ച് പ്രദേശവാസികളുടെ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കുന്നംകുളം നഗരസഭയിലെ നാലാം വാർഡിൽ സ്ഥാപിച്ചിരുന്ന റിലയൻസ് ജിയോ ഇൻഫോകോം കമ്പനിയുടെ ടവറിൽ നിന്നുള്ള റേഡിയേഷൻ അളവ് പരിശോധിക്കാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് തൃശൂർ ജില്ലാ കളക്ർക്ക് നിർദ്ദേശം നൽകിയത്.
കുന്നംകുളം ബഥനി കോൺവെന്റ് സ്‌കൂളിന് പിൻവശം മൊബൈൽ ടവർ നിർമ്മിക്കുന്നതിനെതിരെ പൊതുപ്രവർത്തകരായ സലിം, അജിത്കുമാർ, സി എ ശശിധരരാജ എന്നിവർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷൻ തൃശുർ ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കുന്നംകുളത്ത് സ്ഥാപിക്കുന്ന മൊബൈൽ ടവറിന്റെ റേഡിയേഷൻ പരിധി 0.0127 ആണെന്നും ഇക്കാര്യം കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്ഥാപനമായ ടേം സെൽ അസിസ്റ്റന്റ് ഡയറക്ടർ ഉറപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സൂര്യപ്രകാശത്തിൽ നിന്നുള്ള റേഡിയേഷനേക്കാൾ കുറവാണ് ടവറിൽ നിന്നുളള റേഡിയേഷൻ. ഇതിന്റെ അടിസ്ഥാനത്തിലാണ് കുന്നംകുളം നഗരസഭ ടവർ നിർമ്മിക്കാൻ അനുമതി നൽകിയത്.
മൊബൈൽ ടവവറിന്റെ ബെയ്‌സ് സ്റ്റേഷനിൽ നിന്നുള്ള റേഡിയേഷൻ സാധാരണ റേഡിയേഷനേക്കാൾ കുറവാണെന്നും ആരോഗ്യത്തിന് ഹാനികരമല്ലെന്നും കേരള ഹൈക്കോടതി വിധിച്ചിട്ടുള്ളതാണെന്നും ഉത്തരവിൽ പറയുന്നു. റേഡിയേഷൻ പരിശോധന കാലാകാലങ്ങളിൽ ട്രായ് നടത്തണമെന്നും റിലയൻസ്ഇൻഫോകോമും ചേമ്മഞ്ചേരി ഗ്രാമപഞ്ചായത്തും തമ്മിലുള്ള കേസിൽ ഹൈക്കോടതി വിധിച്ചിട്ടുള്ളതാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഈ സാഹചരത്തിൽ പരാതി നിലനിൽക്കുന്നതല്ല. എന്നാൽ റേഡിയേഷൻ അളവ് കാലാകാലങ്ങളിൽ പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
- Log in to post comments