Skip to main content

നൊച്ചാട് പഞ്ചായത്തില്‍ ത്രിദിന ശുചീകരണയജ്ഞം തുടങ്ങി

 

മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നൊച്ചാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സ്‌കൂളുകളും ഓഫിസുകളും ഉള്‍പ്പെടെ പഞ്ചായത്ത് പരിധിയിലുള്ള എല്ലാ പൊതു സ്വകാര്യകെട്ടിടങ്ങളിലും ആദ്യദിനം ശുചീകരണം നടത്തി.' ആരോഗ്യരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം' എന്ന സന്ദേശവുമായി നടത്തുന്ന ശുചീകരണയജ്ഞത്തിന്റെ രണ്ടാംദിനം വീടുകളില്‍ നിന്ന് പ്‌ളാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവ ശേഖരിക്കും. മേയ് 12 ന് പൊതുസ്ഥലങ്ങള്‍ ശുചീകരിക്കും. നിറവ് വേങ്ങേരിയുടെ സഹായത്തോടെയാണ് മാലിന്യ നിര്‍മാര്‍ജനം നടത്തുക.
ശുചീകരണവുമായി ബന്ധപ്പെട്ട് 17 വാര്‍ഡുകളിലും പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ എല്ലാ കച്ചവടക്കാരുടെയും യോഗം കല്‍പത്തൂര്‍, വെള്ളിയൂര്‍, മുളിയങ്ങല്‍ എന്നിവിടങ്ങളിലായി നടത്തി ജന പങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു. ഗ്രാമപഞ്ചായത്തിലെ ഘടക സ്ഥാപന മേധാവികളുടെയും യോഗം ഇതോടൊപ്പം ചേര്‍ന്നിരുന്നു. പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണനാണ് പഞ്ചായത്തുതല സംഘാടക സമിതിയുടെ ചെയര്‍മാന്‍.

date