ജില്ലയില്‍ മഹാശുചീകരണത്തിന് തുടക്കമായി
പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ മഴയ്ക്കു മുമ്പെ നാടും നഗരവും കൈകോര്‍ത്തു. ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ യജ്ഞം തുടങ്ങി. കോഴിക്കോട് നഗരസഭയില്‍ ശുചീകരണ യജ്ഞത്തിന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ സാംബശിവ റാവു എന്നിവര്‍ തുടക്കമിട്ടു. ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലെ കാട് നശിപ്പിച്ചും, മാലിന്യങ്ങള്‍ നീക്കം ചെയ്തുമാണ് നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്.ഗോപകുമാര്‍ എന്നിവയും ശുചീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, ക്ലബുകള്‍ തുടങ്ങിയവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളയി. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളിലും ശുചീകരണ പ്രവൃത്തികള്‍ നടത്തും.
'ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം', 'മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം' എന്നീ രണ്ട് മുദ്രാവാക്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ശക്തമായ ബോധവത്ക്കരണവും പരിപാടിയുടെ ഭാഗമായി നടത്തുന്നുണ്ട്.
കൊതുകുജന്യ പകര്‍ച്ചവ്യാധി പ്രതിരോധ ചാലഞ്ച് ആരംഭിക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ പുതിയാപ്പ മുതല്‍ ബേപ്പൂര്‍ വരെയുള്ള 23.6 കിലോ മീറ്റര്‍ വരുന്ന കടല്‍ത്തീരവും ശുചീകരിക്കും.
മൂന്നാം ഘട്ടമായി ആവിത്തോട്, മാനന്തത്തോട് തുടങ്ങിയ കനാലുകളും ശുചീകരിക്കും. ശുചീകരണത്തിലൂടെ ശേഖരിക്കുന്ന പുന: ചംക്രമണം ചെയ്യാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള പാഴ് വസ്തുക്കള്‍ പുന: ചംക്രമണത്തിനായി കൊണ്ടു പോകും.
രാമനാട്ടുകര
രാമനാട്ടുകര നഗരസഭയിലെ മഴക്കാലപൂര്‍വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിന് വി.കെ.സി. മമ്മദ് കോയ എംഎല്‍എ നേതൃത്വം നല്‍കി. നഗരസഭ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ദീന്‍, വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മണ്ണൊടി രാമദാസ്, നഗരസഭാ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി. സുരേഷ് ബാബു, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
നഗരസഭ കണ്ടിജന്റ് വിഭാഗം ജീവനക്കാരും, ഉന്തുവണ്ടി തൊഴിലാളികളും, ഹരിത കര്‍മ്മ,സേന അംഗങ്ങളും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. രാമനാട്ടുകര അങ്ങാടി പരിസരത്തെ കാലപ്പഴക്കം ചെന്ന ഉപയോഗശൂന്യമായ ഉന്തുവണ്ടികളും പെട്ടികളും ശുചീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്ത് വൃത്തിയാക്കി. കൂടാതെ ചെത്തു പ്പാലം തോട്ടില്‍ കുമ്മായം, ബ്ലീച്ചിങ് പൗഡര്‍ വിതറി വൃത്തിയാക്കി. വരും ദിവസങ്ങളില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെയും സാനിറ്റേഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഴുവന്‍ വാര്‍ഡുകളും ശുചീകരിക്കും.
ഫറോക്ക്
ഫറോക്ക് നഗരസഭയിലെ മഴക്കാലപൂര്‍വ്വ ശൂചീകരണ യജ്ഞത്തിന് വി.കെ.സി. മമ്മദ് കോയ എംഎല്‍എ തുടക്കം കുറിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കമലുലൈല, ഡെപ്യൂട്ടി ചെയര്‍മാര്‍ മൊയ്തീന്‍ കോയ, കൗണ്‍സിലര്‍മാരായ ഇ. ബാബുരാജ്, സി.വി. ഷീബ, ഉഷകുമാരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സെയ്തലവി തുടങ്ങിയവര്‍ പങ്കെടുത്തു. ഫറോക്ക് അങ്ങാടി, കരുവന്‍ തിരുത്തി അന്‍ഡര്‍ പാസേജ് എന്നിവടങ്ങളിലാണ് ശുചീകരണം നടത്തിയത്.
പയ്യോളി
പയ്യോളി നഗരസഭയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ടി ഉഷ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്നും നാളെയുമായാണ് ശുചീകരണ പ്രവൃത്തി. ഇന്ന് പയ്യോളി ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച് ബീച്ച് റോഡ് ,പയ്യോളി മുതല്‍ മൂരാട് വരെയുള്ള ഹൈവേ ശുചീകരിച്ചു.
എലിപ്പനി, മഞ്ഞപ്പിത്തം, മലമ്പനി, ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ, ജലജന്യ രോഗങ്ങള്‍ തടയുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യം വകുപ്പിന്റെയും നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചു.
കുടുംബശ്രീ അംഗങ്ങള്‍, അയല്‍ സഭ ഭാരവാഹികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വ്യാപാരികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ശുചീകരണ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 100 ല്‍ പരം വളണ്ടിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
ചേളന്നൂര്‍
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ
മഴക്കാലപൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് ഒ.പി.ശോഭനയുടെ നേതൃത്വത്തില്‍ തുടക്കംകുറിച്ചു.
പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും പ്രവര്‍ത്തകരും ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പരിസരവും വില്ലേജ് ഓഫീസ് പരിസരത്തെ കിണറും ശുചീകരിച്ചു.
തോടന്നൂര്‍ ബ്ലോക്ക് ഓഫിസ് പരിസരം, പ്രസിഡന്റ് സുമ തൈക്കണ്ടിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. വൈസ് പ്രസിഡന്റ് സഫിയ മലയില്‍, ജിഇഒ സി.പ്രീത,ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍,തൊഴിലുറപ്പ് തൊഴിലാളികള്‍,കുടുംബശ്രീ അംഗങ്ങള്‍,ആര്‍ഡി ഏജന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ബാലുശ്ശേരി
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തങ്ങളുടെ തുടക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രതിഭ നിര്‍വഹിച്ചു. ജീവനക്കാരും ഭരണസമിതി പ്രവര്‍ത്തകരും സംയുക്തമായി ബ്ലോക് പഞ്ചായത്തും പരിസരവും ശുചീകരിച്ചു.
മഴയെത്തും മുന്‍പേ ശുചീകരണ പരിപാടികളുമായി കൊയിലാണ്ടി നഗരസഭ
ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മഴക്കാല പൂര്‍വ്വ ശുചീകരണ പരിപാടികള്‍ക്ക് കൊയിലാണ്ടി നരസഭയില്‍ തുടക്കമായി.നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.ആരോഗ്യ ജാഗ്രത പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാര്‍ഡില്‍ സ്‌ക്വാഡുകളായാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും പൊട്ടിപ്പുറപ്പെടുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും മെയ് മാസത്തില്‍ ഊര്‍ജ്ജിതമായി തന്നെ നടപ്പിലാക്കേണ്ടതാണ്. ഇക്കാര്യം മുന്നില്‍ കണ്ടാണ് ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നത്.
ഹരിതസേനാംഗങ്ങള്‍, ശുചിത്വമിഷന്‍, ഹരിത കേരള മിഷന്‍, കുടുംബശ്രീ പ്രവര്‍ത്തകരുടേയും ആരോഗ്യ സാമൂഹ്യ പ്രവര്‍ത്തകരുടേയും പൊതുജന പങ്കാളിത്തത്തോടെയുമുള്ള കൊതുക് നശീകരണം,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി, കൂടാതെ ശുചീകരണ ക്യാമ്പയിനുകള്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. തുടര്‍ന്ന് നാളെ വാര്‍ഡ് തല സമ്പൂര്‍ണ ശുചിത്വ ആരോഗ്യ പരിപാടികളും നടത്തുന്നുണ്ട്. മഴക്കാലപൂര്‍വ്വ ശുചീകരണ പരിപാടിക്ക് നഗരസഭ ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ തുടക്കം കുറിച്ചു.
മാര്‍ക്കറ്റ് പരിസരം, ബപ്പന്‍ങ്ങാട് റോഡ് ലിങ്ക് റോഡ് എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുന്ദരന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ മാങ്ങോട്ടില്‍ സുരേന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. അബ്ദുള്‍ മജീദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം കെ സുബൈര്‍, ഷീജ കെ എന്നിവരും പങ്കെടുത്തു.
- Log in to post comments