മഴക്കാല പൂര്‍വ്വ ശുചീകരണ യഞ്ജം ഇന്നും നാളെയും
മഴക്കാല പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം ബഹുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന മഴക്കാല പൂര്‍വ്വ ശുചീകരണം ഇന്നും നാളെയുമായി(മേയ് 11, 12) നടക്കും. ജില്ലയിലെ പാതകള്‍, ഓടകള്‍, ചന്തകള്‍, ജലാശയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, വീടുകളും പരിസരങ്ങളും തുടങ്ങിവയുടെ സമഗ്രമായ ശുചീകരണമാണ് നടക്കുക. തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള 50,000 തൊഴിലാളികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ഇന്ന് (മെയ് 11) പൊതു ഇടങ്ങളും സ്ഥാപനങ്ങളും നാളെ (മെയ് 12) വീടുകളും കടകളുമാണ് വൃത്തിയാക്കുക. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ബഹുജന പങ്കാളിത്തത്തോടെ രാവിലെ ഏഴു മുതല്‍ 11 വരെയാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍. ശുചീകരണം നടത്തിയിട്ടുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും ഉറപ്പു വരുത്തും. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവ വകുപ്പു മേധാവികളുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ശുചീകരിക്കും. എസ്.പി.സി, എന്‍.എസ്.എസ്, എന്‍.സി.സി, സ്കൂള്‍- കോളജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ തങ്ങളുടെ സ്ഥാപനങ്ങളും പരിസരവും ശുചീകരിക്കും. കുട്ടികളെ പൊതുസ്ഥലങ്ങളുടെ ശുചീകരണത്തിന് നിയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്.
ജില്ലയിലെ പ്രധാനപ്പെട്ട 100 കുളങ്ങളും ജലാശയങ്ങളും ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ ശുചീകരിക്കും. വാര്‍ഡ് തല സാനിറ്റേഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എല്ലാ ചെറിയ കുളങ്ങളും തോടുകളും കനാലുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കും. നെഹ്റു യുവകേന്ദ്ര, മറ്റു സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവരും ശുചീകരണത്തില്‍ പങ്കാളികളാവും. ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവര്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇവര്‍ ഒരു ഡോസ് ഡോക്സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിച്ചിരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ലഭിക്കുന്ന മാലിന്യങ്ങള്‍ ഖരം, ജൈവം എന്നിങ്ങനെ വേര്‍തിരിച്ച് സംസ്കരിക്കും. പ്ലാസ്റ്റിക് സംസ്കരണത്തിന് ഷ്രെഡിങ് യൂനിറ്റുകളുടെ സഹായം തേടും. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കും.
- Log in to post comments