ഇടമലക്കുടി സ്‌കൂളുകളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം ബാലാവകാശ കമ്മീഷനും പങ്കാളിത്തം വഹിക്കും
ഇടമലക്കുടി ട്രൈബല്‍ സ്‌കൂളുകളില്‍ ജൂണ്‍ ഒന്നിനു മുമ്പ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. ജൂണ്‍ ഒന്നിന് പ്രവേശനോത്‌സവം സമുചിതമായി ആഘോഷിക്കാനും കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിവിധ വകുപ്പു പ്രതിനിധികളുടെ യോഗത്തില്‍ ധാരണയായി. ഇതിനു മുന്നോടിയായി പ്രദേശത്തെ മുഴുവന്‍ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് ഈമാസം ഇടമലക്കുടിയിലെ വിവിധ മേഖലകളിലായി അഞ്ച് ക്യാമ്പുകള്‍ നടത്തും. ഇതില്‍ മൂന്നെണ്ണം സര്‍വശിക്ഷ അഭിയാനും രണ്ടെണ്ണം വഴിത്തല ശാന്തിഗിരി കോളേജിന്റെ സോഷ്യല്‍വര്‍ക്ക് വകുപ്പുമായിരിക്കും നടത്തുന്നത്.
ഇടമലക്കുടി സ്‌കൂളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ അടിയന്തിര ഇടപെടലുണ്ടായത്. കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ്, അംഗങ്ങളായ സിസ്റ്റര്‍ ബിജിജോസ്, എംപി ആന്റണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ജില്ലാഭരണകൂടവും ജില്ലാ പഞ്ചായത്തും ട്രൈബല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിക്കു എല്ലാവിധ സഹകരണവും പിന്തുണയും വാഗ്ദാനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു പണം ഒരു തടസമല്ലെന്നു കളക്ടര്‍ വ്യക്തമാക്കി. പഠന സഹായമെന്ന നിലയില്‍ പത്തുലക്ഷം രൂപ ജില്ലാ പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ടെന്നു പ്രസിഡന്റ് അറിയിച്ചു. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ ശാന്തിഗിരി കോളേജുമായി ചേര്‍ന്നു ബാലാവകാശ കമ്മീഷന്‍ വിപുലമായ വിവരശേഖരണം നടത്തിയിരുന്നു. സ്‌കൂളില്‍ വന്നു പോകുന്നതിനുള്ള സൗകര്യക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സാമ്പത്തിക പരാധീനതകളുമാണ് പ്രധാന കാരണങ്ങളായി കണ്ടെത്തിയത്. വന്നുപോകാന്‍ അസൗകര്യമുള്ള കുട്ടികള്‍ക്കും അധ്യാപകര്‍ക്കും താമസ സൗകര്യം ഒരുക്കുന്നതിനു യോഗത്തില്‍ ധാരണയായി. മൂന്നു ക്ലാസ്മുറികളും രണ്ട് താമസ മുറികളും ഇതിനായി നിര്‍മിക്കും. കൂടാതെ ആകെയുള്ള പത്ത് അങ്കണവാടികളില്‍ സ്വന്തമായി കെട്ടിടമില്ലാത്ത നാലെണ്ണത്തിനു കെട്ടിടം നിര്‍മിക്കും. ഇടക്കമലക്കുടി പഞ്ചായത്തിന്റെയും പട്ടികവര്‍ഗ വകുപ്പിന്റെയും ഫണ്ട് ഇതിനായി വിനിയോഗിക്കും. പ്രവേശനോത്‌സവത്തിനു മുമ്പായി ശുചിമുറികളും കുടിവെള്ള സൗകര്യവും ഒരുക്കും. കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും ഗോത്രസാരഥി പദ്്ധതി പ്രകാരം സൗകര്യം ഏര്‍പ്പെടുത്തും. നിലവിലുള്ള ഹാള്‍തിരിച്ച് ക്ലാസ്മുറികളാക്കുന്നതിനും അടുക്കള മാറ്റി സ്ഥാപിക്കുന്നതിനും തീരുമാനമായി. പഞ്ചായത്ത് വിഹിതം ഉപയോഗിച്ച് സ്മാര്‍ട്ട് റൂം, വനംവകുപ്പ് ഫണ്ട് ഉപയോഗിച്ച് എല്‍സിഡി പ്രൊജക്ടര്‍ സംവിധാനം എന്നിവ സ്ഥാപിക്കും. ജില്ലാ പഞ്ചായത്ത് ബാന്‍ഡ് സെറ്റും വാങ്ങി നല്‍കും. ഇടമലക്കുടിയിലേക്കു റോഡ് നിര്‍മിക്കുന്നതിനു വനംവകുപ്പ് നീക്കിവച്ച 10.67 കോടിരൂപ വിനിയോഗിക്കുന്നതിനു ഗോത്ര വര്‍ഗ വികസന വകുപ്പ് മുന്‍കൈയെടുക്കും.
നിലവില്‍ ഒരുസ്‌കൂളില്‍ എല്‍പി വിഭാഗത്തില്‍ 37 കുട്ടികളും എസ്എസ്എല്‍സിക്ക് 17 കുട്ടികളുമാണുള്ളത്. ചെറിയ ക്ലാസുകളില്‍ കുട്ടികള്‍ കുറയുകയാണ്. ഒന്നാംക്ലാസിലേക്ക് ഈവര്‍ഷം 11 കുട്ടികള്‍ ചേര്‍ന്നിട്ടുണ്ടെന്നു ഹെഡ്മാസ്റ്റര്‍ പറഞ്ഞു. നൂറു കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങളും മറ്റു സാധനങ്ങളും ശേഖരിച്ചിട്ടുണ്ട്.
നാട്ടിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു മറ്റുകുട്ടികളുമായി വേണ്ടവിധം ആശയ വിനിമയം നടത്താന്‍ കഴിയാത്തത് ഗൗരവമേറിയ വിഷയമാണ്. ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ വീട്ടില്‍ പോയാല്‍ പിന്നെ തിരികെ എത്താത്ത സ്ഥിതിയാണ്. മേയ് മാസത്തില്‍ പരമാവധി കുട്ടികളെ എത്തിക്കാന്‍ എല്ലാവരും ഒന്നിച്ചു പരിശ്രമിക്കണമെന്നു കമ്മീഷനംഗം സിസ്റ്റര്‍ ബിജി പറഞ്ഞു. ഇടമലക്കുടി മാത്രം കേന്ദ്രീകരിക്കാതെ എല്ലായിടങ്ങളിലും പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കണം.
തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ലിസിതോമസ് കണ്‍വീനറും വിവിധ വകുപ്പ് പ്രതിനിധികള്‍ അംഗങ്ങളുമായി നിര്‍വഹണ സമിതിക്കു രൂപം നല്‍കി. ശാന്തിഗിരി കോളേജ് തയാറാക്കിയ വിവര ശേഖരണ റിപ്പോര്‍ട്ട് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് ജില്ലാകളക്ടര്‍ എച്ച്. ദിനേശനു കൈമാറി. കമ്മീഷന്‍ പിആര്‍ഒ ആര്‍. വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments