ലൈഫ് മിഷന്‍ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി, അടിമാലി മോഡല്‍ സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കും
ഭവനരഹിതര്‍ക്കു പാര്‍പ്പിടം ഒരുക്കുന്ന ലൈഫ് മിഷന്‍ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്ന് ലൈഫ് മിഷന്‍ സിഇഒ യു വി ജോസ്. അടിമാലി ഗ്രാമപഞ്ചായത്തില്‍ പദ്ധതി അവലോകനത്തിനായി ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ മൂന്നു ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ മുന്‍കാലങ്ങളില്‍ വിവിധ പദ്ധതിയുടെ ഭാഗമായി പണി ആരംഭിച്ചതും പാതിവഴിയില്‍ നിലച്ചതുമായ വീടുകളുടെ പൂര്‍ത്തികരണം നടത്തി. അമ്പതിനായിരത്തോളം വീടുകള്‍ ഇത്തരത്തില്‍ നിര്‍മ്മിച്ചു. ഭൂമിയുള്ള ഭവനരഹിതരായവര്‍ക്ക് വീടു നല്‍കുന്ന രണ്ടാഘട്ടത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മൂന്നാഘട്ടത്തില്‍ ഭൂമിയും വീടും ഇല്ലാത്തവര്‍ക്കും ലൈഫ് പദ്ധതിയിലൂടെ പാര്‍പ്പിടം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് പദ്ധതി മാതൃകാപരമായ നടപ്പിലാക്കിയ അടിമാലി ഗ്രാമപഞ്ചായത്തിലെ മച്ചിപ്ലാവിലാണ് സംസ്ഥാനത്തെ ആദ്യ ഫ്ളാറ്റ് സമുച്ചയം ഒരുങ്ങിയിട്ടുള്ളത്.
് സംസ്ഥാനതലത്തില്‍തന്നെ അടിമാലി മോഡല്‍ പരീക്ഷിച്ച് നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ലൈഫ് മിഷന്‍ സിഇഒ പറഞ്ഞു.
നിലവിലെ താമസക്കാര്‍ക്കായി തൊഴില്‍ നൈപുണ്യ പരിശീലന പരിപാടി നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.കുടുംബശ്രീയുടെ സേവനം ഉള്‍പ്പെടുത്തി തൊഴില്‍ മേഖലയുടെ സാധ്യതകള്‍ പരിശോധിക്കും.വിവിധ വകുപ്പുകള്‍,സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, സാമൂഹ്യപരമായ ജീവിത രീതികളിലേക്ക് പദ്ധതിയുടെ ഗുണഭോക്താക്കളെ എത്തിക്കും.ഖര-ദ്രവ്യ മാലിന്യ സംസ്‌ക്കരണത്തിനായി ശുചിത്വമിഷന്റെ സഹകരണത്തോടെ പദ്ധതികള്‍ നടപ്പിലാക്കും.ആരോഗ്യ പരിപാലനത്തിന് 24 മണിക്കൂറും നേഴ്സുമാരുടെ സേവനം ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി.
നിലവില്‍ 150 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 217 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന രീതിയിലാണ് ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്. പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് 24.5 കോടി രൂപയാണ് മുതല്‍ മുടക്കിയത്. ശേഷിക്കുന്ന ഉപഭോക്താക്കള്‍ മെയ് 25നുള്ളില്‍ ഫ്ളാറ്റുകള്‍ കൈമാറും.
രണ്ടു മുറികള്‍, അടുക്കള, ഹാള്‍, ശൗചാലയം എന്നിവയടങ്ങുന്നതാണ് ഓരോ ഫ്ളാറ്റുകളും. ആശുപത്രി, അംഗന്‍വാടി, വായനശാല എന്നിവയും ഗുണഭോക്താകള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. യോഗത്തില്‍ ലൈഫ്മിഷന്‍ അസി. ഡയറക്ടര്‍ സാബു കുട്ടന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി വര്‍ഗ്ഗീസ്, സെക്രട്ടറി കെ എന്‍ സഹജന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments