ജില്ലയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം 11, 12 തീയതികളില്‍
മഴക്കാല പൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് മെയ് 11, 12 തീയതികളില്‍ സംസ്ഥാന വ്യാപകമായി ശുചീകരണ യജ്ഞം നടത്തുന്നു. ജില്ലയിലെ ശുചീകരണ യജ്ഞത്തിന് ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ നേതൃത്വം നല്‍കും. എ.ഡി.എം അനില്‍ ഉമ്മന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്നിവരെ ജില്ലാതലത്തിലും ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മധു, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) ആന്റണി സ്‌കറിയ, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ സലിം എം.എസ്, എ.ഡി.സി (ജനറല്‍) റിച്ച്‌മോന്‍, ഡബ്ല്യൂ.ഡി എ.പി.ഒ ഉഷ കെ.റ്റി, എ.ഡി.സി (പി.എ) ജസീര്‍ പി.വി തൊടുപുഴ മുന്‍സിപ്പാലിറ്റി, കട്ടപ്പന മന്‍സിപ്പാലിറ്റി, അടിമാലി ബ്ലോക്ക്, തൊടുപുഴ ബ്ലോക്ക്, ഇളംദേശം ബ്ലോക്ക്, ഇടുക്കി ബ്ലോക്ക് എന്നിവിടങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെടുത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കുര്യാക്കോസ്, ജില്ലാ വനിതാക്ഷേമ ഓഫീസര്‍ നൈസി റഹ്മാന്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജീഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഷീല എന്നിവര്‍ക്കാണ് യഥാക്രമം കട്ടപ്പന, നെടുങ്കണ്ടം, ദേവികുളം, അഴുത എന്നീ ബ്ലോക്കുകളുടെ ചുമതല.
മുന്‍സിപ്പാലിറ്റി തലത്തിലും ബ്ലോക്ക് തലത്തിലും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് (10.05.19) മുന്‍സിപ്പാലിറ്റി/ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തദ്ദേശ സ്ഥാപനതല യോഗങ്ങള്‍ കൃത്യമായി ചേരുന്നുവെന്ന് ഉറപ്പ് വരുത്തണം. വാര്‍ഡുകളുടെ പ്രത്യേകതക്ക് അനുസരിച്ചും വേസ്റ്റിന്റെ അളവനുസരിച്ചും ചുരുങ്ങിയത് 50 പേരടങ്ങുന്ന വാര്‍ഡ്തല വോളണ്ടിയേഴ്‌സിനെ ഓരോ വാര്‍ഡിലേക്കും വാര്‍ഡ് കോര്‍ഡിനേറ്ററെയും നിയോഗിക്കണം. മാലിന്യം നിക്ഷേപിച്ചിട്ടുള്ള റോഡുകള്‍ പല റീച്ചുകളായി ക്ലീന്‍ ചെയ്യുന്നതിന് വാര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുക. ജൈവ മാലിന്യങ്ങള്‍ ജൈവമാലിന്യ സംസ്‌കരണ യൂണിറ്റുകളിലും കുഴി കമ്പോസ്റ്റുകള്‍ നിര്‍മ്മിച്ചും സംസ്‌കരിക്കുക.
വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അജൈവ മാലിന്യ ശേഖരണം സമയബന്ധിതമായി നടപ്പാക്കുക, തദ്ദേശ സ്ഥാപനത്തിലെ എല്ലാ വാര്‍ഡുകളിലെയും അജൈവ മാലിന്യ ശേഖരണം സംബന്ധിച്ച അറിയിപ്പ് പ്രചാരണം നല്‍കുക, അജൈവ മാലിന്യം ശേഖരിച്ച് സൂക്ഷിക്കുന്നതിന് സ്ഥലം, വോളണ്ടിയേഴ്‌സിന് ഗ്ലൗസ്, മാസ്‌ക്ക്, മറ്റ് ശുചീകരണ ഉപകരണങ്ങള്‍, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കുക, ശുചീകരണ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ ഡോക്യുമെന്റേഷന്‍ നടത്തുക, ശുചീകരണം നടത്തിയ സ്ഥലങ്ങളില്‍ വീണ്ടും മാലിന്യം നിറയാതിരിക്കുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനം മുഖേന ഏര്‍പ്പെടുത്തുക എന്നിവയാണ് ചാര്‍ജ്ജ് ഓഫീസര്‍മാരുടെ മറ്റ് ചുമതലകള്‍.
- Log in to post comments