Skip to main content

ശുചീകരണ യജ്ഞത്തിന് മുന്നോടിയായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്തല യോഗം ചേര്‍ന്നു

 

മെഗാ ശുചീകരണ യജ്ഞത്തിന് മുന്നോടിയായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്തല യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ശുചീകരണ യജ്ഞത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് മെയ് 11, 12 തീയതികളില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായിട്ടാണിത്. കട്ടപ്പന ബ്ലോക്ക് പരിധിയിലുള്ള ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ , ഉപ്പുതറ, ചക്കുപള്ളം, വണ്ടന്‍മേട് ഗ്രാമപഞ്ചായത്തുകളില്‍ ഇന്ന് (11, ശനി) രാവിലെ 9 ന്പഞ്ചായത്തു കേന്ദ്രങ്ങളില്‍  ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നടത്തും. ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പരിസരത്തും നടക്കും. 

 

വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍, പാതയോരങ്ങള്‍, മാര്‍ക്കറ്റ്, തോടുകള്‍, കുളങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലെയും സമഗ്ര ശുചീകരണമാണ് പരിപാടിയുടെ ലക്ഷ്യം.ശേഖരിക്കുന്ന മാലിന്യം തരം തിരിച്ച് സംസ്‌കരിക്കുന്നതിനുള്ള ക്രമീകരണവും ഗ്രാമപഞ്ചായത്തുകള്‍ ഏര്‍പ്പെടുത്തും.

 

 പരിപാടിയുടെ ഭാഗമായി ഓരോ വാര്‍ഡുകളും തിരിച്ച് രൂപീകരിക്കുന്ന വിവിധ സ്‌ക്വാഡുകള്‍ ഓരോ വീടുകളും കയറി ആരോഗ്യ- ശുചിത്വ ബോധവത്ക്കരണം നടത്തുകയും ലഘുരേഖകള്‍ വിതരണം ചെയ്യുകയും ചെയ്യും. 50 വീടുകള്‍ക്ക് നാലു പേരടങ്ങുന്ന ഒരു സ്‌ക്വാഡ് വീതമാണ് രൂപീകരിച്ചിട്ടുള്ളത്.

ജനപ്രതിനിധികള്‍, ഹരിത കര്‍മ്മ സേന, ആരോഗ്യ പ്രവര്‍ത്തകര്‍, അംഗന്‍വാടി, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണയജ്ഞത്തില്‍ പങ്കാളികളാകും. അജൈവ മാലിന്യം ശേഖരിച്ച് സൂക്ഷിക്കുന്നതിന് സ്ഥലം, വോളണ്ടിയേഴ്സിന് ഗ്ലൗസ്, മാസ്‌ക്, മറ്റ് ശുചീകരണ ഉപകരണങ്ങള്‍, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവയുടെ ലഭ്യത തുടങ്ങിയവ ഗ്രാമപഞ്ചായത്തുകളും ആരോഗ്യ വിഭാഗവും  ഉറപ്പാക്കും.

 

യോഗത്തില്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കുട്ടിയമ്മ സെബാസ്റ്റ്യന്‍, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം കാഞ്ചിയാര്‍ രാജന്‍,  ഡി ഡി പി ഓഫീസ് സീനിയര്‍ സൂപ്രണ്ട് വി.ആര്‍ ജോഗേഷ് കുമാര്‍,           പി എ യു  സൂപ്രണ്ട് പി.കെ.മുജീബ്, ബിഡിഒ ധനേഷ്. ബി, വിവിധ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date