ശുചീകരണ യജ്ഞം: കട്ടപ്പനക്ക് ആവേശമായി നഗരസഭയുടെ വിളംബര ജാഥ
ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന മുദ്രാവാക്യമുയര്‍ത്തി ശുചീകരണ യജ്ഞത്തിന് മുന്നോടിയായി കട്ടപ്പന നഗരസഭ സംഘടിപ്പിച്ച വിളംബരജാഥ ശ്രദ്ധേയമായി.നഗരസഭാ കൗണ്‍സിലര്‍മാര്‍, എന്‍ സി സി 16-ാം ബറ്റാലിയന്‍ കേരള ട്രെയിനിംഗ് ക്യാമ്പിലെ നാനൂറോളം കേഡറ്റുകള്‍, കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍, റെഡ് ക്രോസ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ വിളംബര ജാഥയില്‍ അണിനിരന്നു. ശുചിത്വത്തിനായി കൈകോര്‍ക്കാം, വേര്‍തിരിക്കേണ്ടത് മാലിന്യവും കരുതേണ്ടത് സൗഹൃദവും, പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളേന്തിയാണ് എന്‍ സി സി കേഡറ്റുകള്‍ വിളംബര ജാഥയില്‍ പങ്കെടുത്തത്.
കട്ടപ്പന നഗരസഭ പരിസരത്തു നിന്നും ആരംഭിച്ച വിളംബര ജാഥ ടൗണ്‍ ചുറ്റി കട്ടപ്പന ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന സമാപന യോഗം നഗരസഭാ മുന്‍ ചെയര്‍മാന്‍ മനോജ് എം.തോമസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍മാരായ ബെന്നി കല്ലൂപുരയിടം , റ്റിജി എം.രാജു, റെജി കൊട്ടയ്ക്കാട്ട്, ജലജ ജയസൂര്യ, എല്‍സമ്മ കലയത്തിനാല്‍, പി.ആര്‍ രമേശ്, മഞ്ജു സതീഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.ബി. ശ്രീകാന്ത്, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എം.കെ തോമസ്, കേണല്‍ രവികുമാര്‍ ,ലെഫ്.ജോബി മാത്യു, എസ്. ജയകുമാര്‍, വി.ബി അജിത് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.എം ഫ്രാന്‍സിസ്, പി.കെ.ബിനു തുടങ്ങിയവര്‍ വിളംബര ജാഥയ്ക്ക് നേതൃത്വം നല്കി.
- Log in to post comments