പോസ്റ്റല്‍ ബാലറ്റ് ക്യുആര്‍ കോഡ് പരിശോധന: ഉദേ്യാഗസ്ഥര്‍ക്ക് പരിശീലനം നല്‍കി
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ക്യുആര്‍ കോഡ് റീഡിംഗുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ കളക്ടര്‍ പി ബി നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഇറ്റിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) സംവിധാനം മുഖേന സര്‍വീസ് വോട്ടര്‍മാര്‍ക്ക് അയച്ചിട്ടുളള പോസ്റ്റല്‍ ബാലറ്റുകളില്‍ തിരികെ ലഭിച്ചിട്ടുളള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് മുമ്പായി വോട്ടെണ്ണല്‍ ദിനത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോസ്റ്റല്‍ ബാലറ്റുകളുടെ കവറുകളിലെയും ഡിക്ലറേഷനിലെയും ക്യുആര്‍ കോഡ് പരിശോധന, വോട്ട് വ്യാജമല്ലെന്ന് ഉറപ്പുവരുത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കുളള പരിശീലനമാണ് നല്‍കിയത്. സൈനിക സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍, ആംഡ് പോലീസ് എന്നിവരുടെ വോട്ട് രേഖപ്പെടുത്തുന്നതിനായുളള പോസ്റ്റല്‍ ബാലറ്റുകളാണ് സര്‍വീസ് വോട്ടുകള്‍. ജില്ലയില്‍ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരടങ്ങുന്ന 34 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. 13-എ, ബി, സി എന്നിങ്ങനെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 13-എ വോട്ടര്‍ ഡിക്ലറേഷനും, 13-ബി, സി എന്നിവ പോസ്റ്റല്‍ ബാലറ്റ് കവറുകളുമാണ്. സി എ ബി അഥവാ ക്യാബ് എന്ന ക്രമത്തിലാണ് നാല് ക്യു ആര്‍ കോഡ് റീഡ് ചെയ്യേണ്ടത്. ജില്ലയില്‍ 4156 സര്‍വീസ് വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 2405 എണ്ണം തിരികെ ലഭിച്ചു. ഇനിയുളള പത്ത് ദിവസങ്ങളിലായി പോസ്റ്റല്‍ വോട്ടുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജിജി ജോര്‍ജ്, അഡീഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആലീസ് ആന്‍ഡ്രൂസ് കോട്ടിരി, മാസ്റ്റര്‍ ട്രെയിനര്‍ എം എസ് വിജുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (ഇലക്ഷന്‍: 264/19)
- Log in to post comments