വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ നടത്തി
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായുള്ള 465 ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ നടത്തി. വോട്ടെണ്ണലിനുള്ള 155 വീതം കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ക്കുള്ള റാന്‍ഡമൈസേഷനാണ് കളക്ടറേറ്റില്‍ നടന്നത്. എഡിഎം സി ബിജു, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി പി അബ്ദു റഹിമാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന റാന്‍ഡമൈസേഷന്‍ പ്രക്രിയയില്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ സംബന്ധിച്ചു. റാന്‍ഡമൈസേഷന്‍ പ്രക്രിയക്ക് ശേഷം വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവ് തയ്യാറാക്കി. രണ്ടാം ഘട്ട റാന്‍ഡമൈസേഷനില്‍ കൗണ്ടിങ് ഉദ്യോഗസ്ഥരുടെ ചുമതലയേല്‍ക്കേണ്ട നിയമസഭാ മണ്ഡലവും മൂന്നാം ഘട്ടത്തില്‍ കൗണ്ടിങ് ടേബിളും നിശ്ചയിക്കും. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിനായി 14 കൗണ്ടിങ് ടേബിളും കാസര്‍കോട് 14ഉം, ഉദുമ 12, കാഞ്ഞങ്ങാട് 14, തൃക്കരിപ്പൂര്‍ 13, കല്യാശേരി 12, പയ്യന്നൂര്‍ 12 എന്നിങ്ങനെ ആകെ 91 കൗണ്ടിങ് ടേബിളാണ് വോട്ടെണ്ണലിനായി സജ്ജീകരിക്കുന്നത്. അതാത് നിയമസഭാ മണ്ഡലങ്ങളുടെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരായിരിക്കും കൗണ്ടിങ് ടേബിളുകളുടെ മേല്‍നോട്ടം വഹിക്കുക. റിട്ടേണിങ് ഓഫീസറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക. നിയമനം ലഭിച്ച കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്ക് ഈ മാസം 17ന് രാവിലെ 9.30നും ഉച്ചയ്ക്ക് 1.30 നും 18 ന് രാവിലെ 9.30നും മൂന്നു ബാച്ചുകളിലായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കും. മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനപരിപാടി ഈ മാസം 21 ന് രാവിലെ 9.30നും നടക്കും.
- Log in to post comments