Skip to main content

ദേശീയ ഡെങ്കി വിരുദ്ധ ദിനാചരണം:  ജില്ലാ തല ഉദ്ഘാടനം നടത്തി

ഡെങ്കിപ്പനി ബോധവത്കരണത്തിന്റെ ഭാഗമായി ദേശീയ ഡെങ്കി ദിനമായ മെയ് 16 ന് ജില്ലയിലുടനീളം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഈ വർഷം ജനുവരി മുതൽ ആകെ 12 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2018ൽ ആകെ 205 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2017 നെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളും ഉറവിട നശീകരണപ്രവർത്തനങ്ങളും നടത്തിയതിന്റെ ഫലമായാണ് ഡെങ്കിപ്പനി ഗണ്യമായി കുറക്കാൻ കഴിഞ്ഞത്. 2019 ൽ കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് നെന്മണിക്കര, വെള്ളാനിക്കര എന്നിവിടങ്ങളിൽ നിന്നാണ്. 
ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. കൊതുക് വളരുന്ന മലിനമായ സാഹചര്യങ്ങൾ ഒഴിവാക്കുക, ചിരട്ടകൾ, കുപ്പികൾ, ടയറുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കുന്ന രീതിയിൽ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ കൊതുകുകൾ മുട്ടയിടാതിരിക്കാനായി വലകൾ കൊണ്ട് കെട്ടിവയ്ക്കുക, അലങ്കാര കുളങ്ങളിൽ ഗപ്പി, ഗംബൂസിയ തുടങ്ങിയ അലങ്കാര മത്സ്യങ്ങളെ വളർത്തുക, കക്കൂസിന്റെ വെന്റ് പൈപ്പുകൾ വലകൾ കൊണ്ട് കെട്ടിവയ്ക്കുക, കക്കൂസ് ടാങ്കിന്റെ സ്ലാബുകളിലെ വിടവുകൾ നികത്തുക, ഓടകളിലെ മാലിന്യങ്ങൾ നീക്കി വെള്ളം സുഗമമായി ഒഴുക്കിവിടുക തുടങ്ങിയ പ്രതിരോധ മാർഗങ്ങങ്ങളാണ് രോഗം തടയുന്നതിനായി സ്വീകരിക്കേണ്ടത് .
ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം വിശ്വനാഥനഗർ കോളനി കമ്മ്യൂണിറ്റി ഹാൾ മരത്താക്കരയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ഡോ. റീന കെ. ജെ. നിർവ്വഹിച്ചു. രാവിലെ കൊതുകുകളുടെ ഉറവിട നശീകരണ യജ്ഞത്തിന്റെ ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് ബോധവത്കരണ റാലിയും സെമിനാറും നടത്തി. ഡെങ്കിപ്പനി പ്രതിരോധത്തെക്കുറിച്ചും സാമൂഹിക പങ്കാളിത്തത്തെക്കുറിച്ചും ഡോ. ബിനോജ്, ഡോ. കാവ്യ എന്നിവരും പ്ലാസ്റ്റിക് റീസൈക്ലിങ്ങിനെക്കുറിച്ച് കേരള അഗ്രോ ഇൻഡസ്ട്രീസ് കോപ്പറേറ്റീവ് ലിമിറ്റഡിന്റെ പ്രതിനിധികളും വിഷയങ്ങൾ അവതരിപ്പിച്ചു. പൂരം പ്രദർശന ഹാളിൽ ആരോഗ്യ വകുപ്പിന്റെ വിവിധ ബോധവൽക്കരണ കലാപരിപാടികളും ഡെങ്കി ബോധവത്കരണ സ്‌കിറ്റും അരങ്ങേറി.

date