കേന്ദ്ര കുടുംബ ക്ഷേമ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു
കണ്ണൂര്‍ ജില്ലാ ഗവ.ആശുപത്രിയില്‍ കേന്ദ്ര കുടുംബാരോഗ്യ ക്ഷേമ വകുപ്പ് ഫാമിലി പ്ലാനിംഗ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് കെ സിക്ദറുടെ മിന്നല്‍ സന്ദര്‍ശനം. ചെവ്വാഴ്ച ഉച്ചക്ക് 2.45 ഓടെയാണ് അദ്ദേഹം ആശുപത്രി സന്ദര്‍ശിച്ചത്. എഡിസി സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. പ്രണവ് ഭൂഷണും ഒപ്പമുണ്ടായിരുന്നു.
മാതൃശിശുക്ഷേമ പ്രവത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ലക്ഷ്യ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതികള്‍ അദ്ദേഹം വിലയിരുത്തി. ശിശുമരണ നിരക്ക് കുറക്കുന്നതിനും കുട്ടിയുടെയും അമ്മയുടെയും ആരോഗ്യ സംരക്ഷണത്തിനുമായി നടപ്പിലാക്കുന്ന ലക്ഷ്യ പദ്ധതിയുടെ ഭാഗമായി നിരവധി മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് കേന്ദ്ര കുടുംബാരോഗ്യ ക്ഷേമ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ചികിത്സ തേടി എത്തുന്നവര്‍ക്ക് സുഗമമായ ചികിത്സ ഉറപ്പാക്കുക, ആശുപത്രികളെ സുരക്ഷിത കേന്ദ്രങ്ങളാക്കുക, ശുചിത്വം ഉറപ്പുവരുത്തുക, രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള കിടക്കകള്‍ നിശ്ചിത ദൂരപരിധി പാലിക്കുക തുടങ്ങിയവയാണ് കേന്ദ്ര മാനദണ്ഡങ്ങള്‍.
ലേബര്‍ റൂം, ന്യൂബോണ്‍ ഐസിയു എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം എസ് കെ സിക്ദര്‍ ഗൈനോകോളജിസ്റ്റുമാരുമായും പ്രസവമുറിയിലെ ജീവനക്കാരുമായും ആശയവിനിമയം നടത്തി. തുടര്‍ന്ന് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആശ വര്‍ക്കര്‍മാരുടെ യോഗത്തില്‍ സംസാരിച്ച ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍, ആര്‍എംഒ സി വി ടി ഇസ്മയില്‍, ലക്ഷ്യ ക്വാളിറ്റി ഓഫീസര്‍ ഡോ. അംജത്ത് കുട്ടി, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. പി എം ജ്യോതി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
- Log in to post comments