വോട്ട്-ജനാധിപത്യത്തിന്റെ ഉത്സവം: ഡോക്യുമെന്ററി പ്രകാശനം ചെയ്തു
ഏപ്രില്‍ 23 ന് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ കാഞ്ഞിരക്കൊല്ലി മാതൃക പോളിംഗ് സ്റ്റേഷനെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി 'വോട്ട്-ജനാധിപത്യത്തിന്റെ ഉത്സവം' ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി പ്രകാശനം ചെയ്തു. ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ഏക മാതൃകാ പോളിംഗ് ബൂത്തായിരുന്നു പയ്യാവൂര്‍ വില്ലേജിലെ കാഞ്ഞിരക്കൊല്ലി ഖാദര്‍ ഹാജി മെമ്മോറിയല്‍ സ്‌കൂളിലെ 148 ാം നമ്പര്‍ പോളിംഗ് സ്റ്റേഷന്‍. ഈ പോളിംഗ് സ്റ്റേഷനിലെ പ്രത്യേകതകളും വോട്ടര്‍മാര്‍ക്കായി ഒരുക്കിയ സൗകര്യങ്ങളും കോര്‍ത്തിണക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.
മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ വള്‍ണറബിള്‍ ബൂത്തായി പ്രഖ്യാപിച്ച ഈ പോളിംഗ് സ്റ്റേഷനിലെ ജനങ്ങള്‍ക്ക് ഭീതിയോ ആശങ്കയോ ഇല്ലാതെ വോട്ട് ചെയ്യാനുള്ള സൗകര്യമാണ് മാതൃകാ പോളിംഗ് സ്റ്റേഷനിലൂടെ ഒരുക്കിയിരുന്നത്. ബൂത്ത് ലെവല്‍ അവയര്‍നസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പയ്യാവൂര്‍ വില്ലേജ് ഓഫീസര്‍ അനില്‍ വര്‍ഗീസാണ്.
വരുന്ന തെരഞ്ഞെടുപ്പുകളില്‍ കാഞ്ഞിരക്കൊല്ലി മാതൃക പോളിംഗ് സ്റ്റേഷനില്‍ ഒരുക്കിയ സൗകര്യങ്ങള്‍ ജില്ലയിലെ മറ്റ് പരമാവധി ബൂത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. എഡിഎം ഇ മുഹമ്മദ് യൂസഫ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments