Skip to main content

കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കായി'    ശില്പശാല പുതുമ പകര്‍ന്നു

ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കായി' എന്ന പദ്ധതിയുടെ ഭാഗമായി വിക്ടേഴ്സ് ചാനലിന്റെ സഹകരണത്തോടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ രക്ഷാകര്‍തൃത്വം എന്ന വിഷയം സംബന്ധിച്ച തത്സമയ സംപ്രേഷണ ശില്പശാല സംഘടിപ്പിച്ചു. 
  ഇളംദേശം, തൊടുപുഴ ഐ.സി.ഡി.എസ്, ഇടുക്കി ഐ.സി.ഡി.എസിനു കീഴില്‍ വരുന്ന അറക്കുളം ഗ്രാമപഞ്ചായത്ത് എന്നീ മേഖലകളില്‍ നിന്നുള്ള ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍ , അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍  ഉള്‍പ്പെടെ  നാനൂറോളം പേര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി സാമൂഹ്യനീതി-വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചര്‍ തത്സമയം പ്രേക്ഷകരോടു സംസാരിച്ചു.  'കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കായി' പദ്ധതിയുടെ ഔദ്യോഗിക ഉത്ഘാടനം ജൂണ്‍ ഒന്നിനു നടക്കും. 
ശില്പശാലയില്‍ ഉത്തരവാദിത്വ പൂര്‍ണ്ണമായ രക്ഷാകര്‍തൃത്വം, കുട്ടികളിലെ പഠന പ്രശ്നങ്ങളും പരിഹാരങ്ങളും, കുട്ടികളിലെ ലഹരി ഉപയോഗവും പരിഹാരങ്ങളും, ആരോഗ്യകരമായ സൈബര്‍ ഇടങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവ സംബന്ധിച്ച് വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. പ്രേക്ഷകരുടെ സംശയനിവാരണത്തിനും അവസരമൊരുക്കിയിരുന്നു.  ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സോഫി ജേക്കബ് ലഘു വിവരണം നല്‍കി. പരിപാടിയുടെ സമാപനം വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. പരിപാടിക്ക് ഇടുക്കി ജില്ലാ ശിശു സംരക്ഷണ ഓഫീസറും വനിതാ സംരക്ഷണ ഓഫീസറുമായ ലിസ്സി തോമസ്, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ ഇന്‍ ചാര്‍ജ് പ്രകാശന്‍ വി. എന്‍, ജില്ലാ ശിശു സംരക്ഷണ വകുപ്പ് ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
  അടിമാലി പഞ്ചായത്ത് ഹാളില്‍  അടിമാലി, അടിമാലി അഡീഷണല്‍, ദേവികുളം, ദേവികുളം അഡീഷണല്‍, നെടുങ്കണ്ടം അഡീഷണല്‍ എന്നിവിടങ്ങളിലെ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍ , അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍  ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു .  
        ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഔട്ട്‌റീച്ച് വര്‍ക്കര്‍ അല്‍ത്താഫ് അബൂബക്കര്‍, അടിമാലി ശിശു വികസന പദ്ധതി ഓഫീസര്‍ ശ്രീമതി. പിങ്കി കെ. അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

date