Skip to main content

'പരാതി പരിമിതം തൃശൂർ ജില്ല'  പദ്ധതിയുമായി പഞ്ചായത്ത് വകുപ്പ്

തൃശൂർ ജില്ലയിൽ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനായി ജൂൺ ഒന്ന് മുതൽ 'പരാതി പരിമിതം തൃശൂർ ജില്ല' പദ്ധതി നടപ്പിലാക്കുന്നു. ഗ്രാമപഞ്ചായത്തുകൾ നൽകുന്ന സേവനങ്ങൾ ഓൺലൈനായി ജില്ലാതലത്തിൽ നിരീക്ഷിച്ച് തീർപ്പ് സമയപരിധിക്കുളളിൽ പരിഹരിക്കപ്പെടാത്തവ ജില്ലാതലത്തിൽ തീർപ്പാക്കുന്നതാണ് പദ്ധതി. കുറഞ്ഞത് 15 ദിവസത്തിനുള്ളിൽ പരിഹരിക്കാത്ത പരാതികൾ എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തലത്തിൽ പരിഗണിക്കും. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ ഇതിനായി വിളിച്ചുവരുത്തും. പരാതിക്കാരന് ഹാജരാവാം.
പഞ്ചായത്ത് വകുപ്പ് നൽകുന്ന എൺപതോളം സേവനങ്ങളാണ് ഇതിന്റെ പരിധിയിൽ വരിക. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളെയും ജില്ലാ തലത്തിൽ നിരീക്ഷിക്കും. ഓരോ 15 പഞ്ചായത്തിനും ഒരാളെ വെച്ചാണ് ഓൺലൈൻ നിരീക്ഷണം. പഞ്ചായത്തുകളുടെ സേവനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ആദ്യമായി തൃശൂർ ജില്ലയിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയി ജോൺ അറിയിച്ചു

date