മഴക്കാലത്ത് പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാന്‍ ഭാരതീയ ചികിത്സാ വകുപ്പ് സുസജ്ജം
മഴക്കാലത്ത് പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാന്‍ ഭാരതീയ ചികിത്സാ വകുപ്പ് സുസജ്ജം
കൊച്ചി: എറണാകുളം ഭാരതീയ ചികിത്സാ വകുപ്പ് മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ രൂപീകരിച്ച ജില്ലാതല ടാക്സ് ഫോഴ്സ് പഞ്ചായത്ത് തലത്തില്‍ ബോധ വത്കരണ ക്ലാസുകള്‍, പ്രചാരണ പരിപാടികള്‍ ലഘുലേഖ വിതരണം, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ നടത്തുവാന്‍ തീരുമാനിച്ചു. ആശാ പ്രവര്‍ത്തകരുടെ സേവനം പരമാവധി പ്രയോജനപ്പെടത്തിക്കൊണ്ട് ഹൈറിസ്ക് ബോധവത്കരണ പരിപാടികളും, മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. ഏതെങ്കിലും പ്രദേശത്ത് പ്രത്യേക അസുഖങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ടാക്സ്ഫോഴ്സ് ടീം സ്ഥലം സന്ദര്‍ശിച്ച് അത്യാവശ്യ ചികിത്സ, ബോധവത്കരണം എന്നിവ നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കും. ടാസ്ക് ഫോഴ്സ് കണ്‍വീനര്‍ ഡോ.തോമസ് ജിബിന്‍ ഫോണ്‍ 9447378257.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - പനി, ഛര്‍ദ്ദി, വറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം മരുന്ന് കഴിക്കുക.
ആഹാരം - കുടിക്കാന്‍ തിളപ്പിച്ചാറിയ വെളളം ഉപയോഗിക്കുക (വെളളം പത്ത് മിനിറ്റ് നേരം വെട്ടിത്തിളക്കണം). ദഹിക്കാന്‍ എളുപ്പമുളളതും ലഘുവായതും പോഷകാംശമുളളതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശീലമാക്കുക. മാംസാഹാരം, പയര്‍വര്‍ഗങ്ങള്‍ എന്നിവ സൂപ്പ് രൂപേണ ശീലിക്കുക. തുറസായ സ്ഥലത്ത് നിന്ന് ലഭിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക. ദഹനത്തെ മെച്ചപ്പെടുത്താന്‍ പുളി, എരിവ് തുടങ്ങിയ രസപ്രധാനമായ ആഹാരം സേവിക്കുക.
വിഹാരം - പാദരക്ഷകള്‍ ഉപയോഗിക്കുക, പകലുറക്കം പാടില്ല. മിതമായി മാത്രം വ്യായാമം ചെയ്യുക.
വ്യക്തിശുചിത്വം പാലിക്കുക. പരിസര ശുചീകരണം നടത്തുക - കൊതുകുകളെ അകറ്റി നിര്‍ത്തുവാന്‍ ഉറവിട നശീകരണത്തിന് ആവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കുക. വീടുകളില്‍ രണ്ട് നേരം അപരാജിത ധൂപം, കുന്തിരിക്കം മുതലായവ പുകയ്ക്കുന്നത് കൊതുകുകളെ അകറ്റുവാനും, പരിസരം അണുവിമുക്തമാക്കുവാനും സഹായിക്കും.
- Log in to post comments