മണ്ണിലിറങ്ങാം പച്ചവിരിക്കാം: വിവിധ പരിപാടികളോടെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് പരിസ്ഥിതി ദിനം ആചരിച്ചു.
മണ്ണിലിറങ്ങാം പച്ചവിരിയ്ക്കാം എന്ന പേരില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പുത്തന്‍ പാഠങ്ങള്‍ പകര്‍ന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ പരിസ്ഥിതി ദിനാചരണം വിപുലമായ പരിപാടികളോടെ നടന്നു.പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെയും ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പുനര്‍ജീവിപ്പിച്ച ആനവച്ചാല്‍ തോടിന്റെ ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി വിവിധ
സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തതോടെ
തോടിന്റെ ഇരുവശവും രാമച്ചവും തഴയും മുളയും ഉള്‍പ്പെടെ വിവിധ വൃക്ഷലതാദികള്‍ വച്ചുപിടിപ്പിച്ചു. അതോടൊപ്പം ആനവച്ചാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിന് ചുറ്റും 35 ഓളം തരത്തിലുള്ള മുളകളും മറ്റ് വൃക്ഷ തൈകളും നട്ടു.
പരിപാടികളുടെ ഭാഗമായി പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശില്പ. വി.കുമാര്‍ പരിസ്ഥിതി ദിന സന്ദേശം നല്കി. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് അസി. ഫീല്‍ഡ് ഡയറക്ടര്‍ പി. കെ.വിപിന്‍ദാസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. വനം വകുപ്പ് ജീവനക്കാര്‍, ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം കുമളി ഗ്രാമപഞ്ചായത്ത്, ഹരിതകേരള മിഷന്‍, തേക്കടി ഡെസ്റ്റിറ്റിനേഷന്‍ പ്രെമോഷന്‍ കൗണ്‍സില്‍, ടൂറിസ്റ്റ് ഗൈഡ്‌സ് അസോസിയേഷന്‍, ശാസ്ത്രസാഹിത്യ പരിഷത്ത്, താമരക്കണ്ടം റെസിഡന്‍സ് അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനകളും പരിപാടിയില്‍ ഭാഗഭാക്കായി. പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി ഇക്കോ ഡവലപ്പ്‌മെന്റ് കമ്മറ്റികളിലെ കുട്ടികളവതരിപ്പിച്ച നൃത്തവും പരിപാടികള്‍ക്ക് മാറ്റുകൂട്ടി.
കുട്ടികള്‍ക്കായി പച്ച വെള്ളവും പച്ചമഷിയും.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പച്ച വെള്ളവും പച്ചമഷിയും പരിപാടി വ്യത്യസ്ഥത കൊണ്ട് ശ്രദ്ധയമായി.
പ്ലാസ്റ്റിക് വാട്ടര്‍ബോട്ടിലിന്റെ അമിത ഉപയോഗം മൂലം കുട്ടികള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി
പരിസ്ഥിതി സൗഹൃദ വാട്ടര്‍ബോട്ടിലും (സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍)
പ്ലാസ്റ്റിക് ബോള്‍ പേനകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി മഷിപേനയും അതിലുപയോഗിക്കുന്നതിന് മഷിയും കുട്ടികള്‍ക്ക് വിതരണം ചെയ്തു.
കുട്ടികള്‍ ഉപയോഗിച്ചു വന്ന പ്ലാസ്റ്റിക്ക് ബോള്‍പേനകള്‍ വാങ്ങിച്ച ശേഷമാണ് മഷിപേനകള്‍ നല്കിയത്.
പ്ലാസ്റ്റിക് വര്‍ജനത്തിന്റെ ആവശ്യകതയും പരിസ്ഥിതി സംരക്ഷണവും വ്യക്തമാക്കുന്ന ലഘുചിത്രവും കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിച്ചു. വനം വന്യജീവി വകുപ്പിന് കീഴിലുള്ള ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മറ്റികളിലെ കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. തേക്കടി വനശ്രീയില്‍ നടന്ന 'പച്ചവെള്ളം പച്ചമഷി' പരിപാടി കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് ഉദ്ഘാടനം ചെയ്തു.
പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശില്പ. വി.കുമാര്‍ അധ്യക്ഷത വഹിച്ചു. അസി. ഫീല്‍ഡ് ഡയറക്ടര്‍ പി.കെ.വിപിന്‍ദാസ് , റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജി.കൃഷ്ണദാസ്, കെ.എം.ജോസ് തുടങ്ങിയവര്‍
സംസാരിച്ചു.
- Log in to post comments