Skip to main content

വിദ്യാഭ്യാസ യജ്ഞത്തിന് നൂറുമാര്‍ക്ക്; പ്രവേശനോത്സവം ആഘോഷമാക്കി പേരാല്‍ ബേസിക് സ്‌കൂള്‍

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ യജ്ഞം നാട്ടുകാരും അധ്യാപകരും ഏറ്റെടുത്തതോടെ പുതിയ ഉയരങ്ങളിലേക്കു കുതിക്കുകയാണ് കുമ്പള ഗ്രാമപഞ്ചായത്തിലെ പേരാല്‍ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂള്‍. ഒരു കാലത്ത് പ്രവേശനം തേടുന്ന കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞ് കടുത്ത പ്രതിസന്ധി നേരിട്ട ഈ സ്‌കൂള്‍ ഇപ്രാവശ്യം ഒന്നാം ക്ലാസില്‍ നാലു ഡിവിഷനുകളോടെ മാതൃകാപരമായ നേട്ടവുമായി മുന്നേറുകയാണ്. 
കുട്ടികളുടെ അംഗബലം വര്‍ധിച്ചതോടെ നാട്ടുകാര്‍ക്ക് പ്രവേശനോത്സവം ആഘോഷമായി. നാലാം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒന്നാം ക്ലാസില്‍ നാലു ഡിവിഷനുകള്‍ വരുന്നത്.ഒന്നാം ക്ലാസിലേക്കു പ്രവേശനം നേടിയ നാലു കന്നഡ വിദ്യാര്‍ത്ഥികളടക്കം 66 കുട്ടികളെ മലയാളം, കന്നഡ, ഇംഗ്ലീഷ് മാധ്യമങ്ങളിലായി നാലു ഡിവിഷനുകളിലാണു ക്രമീകരിക്കുന്നത്. 
2017-18 അധ്യയന വര്‍ഷത്തില്‍ സംഘടിപ്പിച്ച 70-ാം സ്‌കൂള്‍ വാര്‍ഷികാഘോഷത്തോടെയാണു വിദ്യാഭ്യാസ യജ്ഞത്തിനു മേഖലയില്‍ തുടക്കം കുറിച്ചത്. വിദ്യാലയ വികസനത്തിനായി പിടിഎ അംഗങ്ങള്‍, നാട്ടുകാര്‍, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആസൂത്രിത പ്രവര്‍ത്തനങ്ങളാണു നടപ്പിലാക്കിയത്. രക്ഷിതാക്കളും സ്‌കൂള്‍ വികസന സമിതിയും പ്രദേശത്തെ ക്ലബ് പ്രവര്‍ത്തകരും പിന്തുണച്ചതോടെ വിദ്യാഭ്യാസ യജ്ഞത്തിനു പൂര്‍ണാര്‍ത്ഥം കൈവരിക്കുകയായിരുന്നു. വിദ്യാലയത്തിന്റെ വികസനത്തിനു വേണ്ടി ക്രിയാത്മകമായ ഇടപെടലുകളാണു നടന്നു  വരുന്നത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ വിവിധ ദിനാചരണങ്ങള്‍ സ്‌കൂളില്‍ പതിവായി സംഘടിപ്പിക്കാറുണ്ട്.
കലാ-കായിക മേളകളും വാര്‍ഷികവും ആഘോഷപൂര്‍ണമായാണ് ഇവിടെ കൊണ്ടാടാറുള്ളത്. പഠന നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ നിരവധി പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. മാതൃഭാഷാ പഠനത്തിനായി മൂന്നു, നാലു ക്ലാസുകാര്‍ക്കായി ആവിഷ്‌കരിച്ച മലയാളത്തിളക്കം, മധുരകന്നഡ എന്നീ പാഠ്യപദ്ധതിയും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് 'ഹലോ ഇംഗ്ലീഷ്' പദ്ധതിയും ഗണിത-ശാസ്ത്ര പഠനങ്ങള്‍ എളുപ്പമാക്കുന്നതിനു ശ്രദ്ധ പഠന പദ്ധതിയും മികച്ച രീതിയില്‍ നടന്നു വരുന്നുണ്ട്. 
സ്‌കൂളിന്റെ മാതൃകാപരമായ വികസനത്തിന് അംഗീകാരമായി എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം അഞ്ച് ക്ലാസ് മുറികള്‍, ചില്‍ഡ്രന്‍സ്പാര്‍ക്ക്, കോമ്പൗണ്ട് മതില്‍, അടുക്കള, സ്റ്റോക്ക് റൂം എന്നിവ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 
 കുമ്പള പഞ്ചായത്തുതല പ്രവേശനോത്സവ  ഉദ്ഘാടനം പേരാല്‍ ജി ജെ ബി സ്‌കൂളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ആരിഫ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എം ഗുരുമൂര്‍ത്തി, പിടിഎ പ്രസിഡന്റ് ബി എ മുഹമ്മദ് പേരാല്‍, മദര്‍ പിടിഎ പ്രസിഡന്റ് ഹസീന പേരാല്‍, പിടിഎ എക്‌സിക്യൂട്ടീവ് അംഗം പിഎസ് അസീസ്, അധ്യാപകരായ വിനുകുമാര്‍, അനിത കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.  

 

date