പ്രതിസന്ധി മറികടന്ന് മേത്തല ഗവ. യു.പി സ്‌കൂൾ
പ്രതിസന്ധികൾ മറികടന്ന് പ്രവർത്തനത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് മേത്തല കുന്നംകുളം ഗവ. യു.പി സ്‌കൂൾ പ്രവേശനോത്സവത്തിൽ മാതൃകയായി. അൺ എക്കോണമിക് പട്ടികയിൽ ഉൾപ്പെട്ട സ്‌കൂളായിരുന്ന കുന്നംകുളം ഗവ യു.പി സ്‌കൂളിൽ ഈ വർഷം വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായി. തുടർന്നു നല്ല രീതിയിൽ പ്രവേശനോത്സവം നടത്താൻ സ്‌കൂൾ അധികൃതർ തീരുമാനിക്കുകയായിരുന്നു. ആദ്യകാലത്ത് നിറഞ്ഞ വിദ്യാർഥികളുമായി പ്രവർത്തിച്ചിരുന്ന സ്‌കൂളിൽ പിന്നീട് സ്വകാര്യ സ്‌കൂളുകളുടെ വരവോടെ കുട്ടികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. എണ്ണം കുറഞ്ഞതോടെ സർക്കാർ ഈ സ്‌കൂളിനെ അൺ എക്കോണമിക് പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. പിന്നീട് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വന്നതോടെ പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ ഉയർന്ന നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിന്റെ ഫലമായി 90 പുതിയ കുട്ടികളടക്കം 250 വിദ്യാർഥികളുമായി പ്രവേശനോത്സവം നടത്താൻ അധികൃതർക്ക് സാധിച്ചു. കുട്ടികളെ മധുരവും സമ്മാനവും നൽകിയാണ് സ്വീകരിച്ചത്. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ. രാംദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ എം.കെ. സഗീർ, രജി സതീശൻ, ജിജി ചന്ദ്രൻ, പ്രധാനാധ്യാപിക മേരി ഹെലൻ, പി.ടി.എ പ്രസിഡന്റ് എം.കെ.നന്ദകുമാർ, ബക്കർ മേത്തല, നഫീസ ജമാൽ എന്നിവർ പങ്കെടുത്തു.
- Log in to post comments