Skip to main content

മികവിന്‍റെ മാതൃകയൊരുക്കിയ മീനടത്തിന് പുരസ്കാരത്തിളക്കം

ആരോഗ്യ മേഖലയിലെ മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ മീനടം ഗ്രാമ പഞ്ചായത്തിന് സമ്മാനിച്ചത് ആര്‍ദ്രം പുരസ്കാരം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ചികിത്സാ മികവ്, ഭൗതിക സാഹചര്യങ്ങള്‍,  വയോജനങ്ങള്‍ക്കും അഗതികള്‍ക്കും സാന്ത്വനവും പരിചരണവുമേകാന്‍ പഞ്ചായത്ത് തലത്തില്‍ ആരംഭിച്ച പദ്ധതികള്‍, മാലിന്യ സംസ്കരണ രംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പ്പുകള്‍ തുടങ്ങിയവയാണ്  ആര്‍ദ്രം മിഷന്‍റെ അഞ്ചു ലക്ഷം രൂപയുടെ പുരസ്കാരത്തിലേക്ക് വഴിയൊരുക്കിയത്. 

അഗതി ആശ്രയ പദ്ധതി, ആരോഗ്യാമൃതം, സാന്ത്വന പരിചരണം, പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം എന്നിവ മാതൃകാപരമായി നടപ്പാക്കുന്ന പഞ്ചായത്ത്  ആശ്രയ പദ്ധതിയ്ക്കായി ഒന്‍പത് ലക്ഷം രൂപ മാറ്റിവച്ചു. കാന്‍സര്‍, വൃക്കരോഗികളെ കണ്ടെത്തി ചികിത്സയും മരുന്നും നല്‍കുന്ന ആരോഗ്യാമൃതം പദ്ധതിയും വിജയകരമായി. 
കിടപ്പു രോഗികളെ വീട്ടില്‍ സന്ദര്‍ശിച്ച് ആവശ്യമായ പരിചരണം നല്‍കുന്നതിന് സ്ഥിരമായി ഒരു നഴ്സിന്‍റെ സേവനം പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. വാട്ടര്‍ ബെഡ്, വീല്‍ ചെയറുകള്‍, വാക്കറുകള്‍, കട്ടിലുകള്‍ തുടങ്ങിയവ  രോഗികള്‍ക്ക് യൂണിറ്റിലൂടെ നല്‍കുന്നു.

എട്ട് വര്‍ഷമായി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് സ്ഥിരമായി പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്നുണ്ട്.  ശേഖരിക്കുന്ന മാലിന്യങ്ങള്‍ പഞ്ചായത്തില്‍ തന്നെ സ്ഥാപിച്ചിട്ടുള്ള  ഷ്രെഡിംഗ് യൂണിറ്റില്‍ സംസ്ക്കരിച്ച്  റോഡ് ടാറിംഗിന് ഉപയോഗിക്കും. ഒരു കിലോഗ്രാം പൊടിച്ച പ്ലാസ്റ്റിക്കിന് 26 രൂപയാണ് കരാറുകാര്‍ പഞ്ചായത്തിന് നല്‍കുന്നത്.
മുപ്പതോളം രോഗികളെ കിടത്തി ചികിത്സിക്കാവുന്ന ആയുര്‍വേദ ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാരും രണ്ട് തെറാപ്പിസ്റ്റുകളുമുണ്ട്. ഇവിടുത്തെ ലാബിലെ പരിശോധനകള്‍ക്ക് പൊതുജനങ്ങള്‍ പകുതി നിരക്ക് നല്‍കിയാല്‍ മതി.  അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കുവേണ്ടി ജെറിയാട്രിക്ക് വിഭാഗം പ്രവര്‍ത്തിക്കുന്നു. ഒരു വര്‍ഷം എട്ട് ലക്ഷം രൂപയുടെ മരുന്നുകളാണ് ആയുര്‍വേദ ആശുപത്രി വഴി സൗജന്യമായി നല്‍കുന്നത്. 

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍   എല്ലാ വെളളിയാഴ്ചകളിലും ജീവിതശൈലി രോഗക്ലിനിക്കുണ്ട്. ഇവിടെ പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍, എന്നിവ പരിശോധിക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്യും. ആര്‍ദ്രം മിഷന്‍റെ ഭാഗമായി ഹെല്‍ത്ത് സെന്‍ററിനോട് ചേര്‍ന്ന് ആധുനിക സൗകര്യങ്ങളോടു കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായി വരികയാണ്. 

date