മോട്ടോര്‍ വാഹന നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തതും അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവിലേക്ക് നികുതി കുടിശ്ശിക ഉളളതുമായ എല്ലാ മോട്ടോര്‍ വാഹനങ്ങളുടേയും നികുതി കുടിശ്ശിക 'ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി'' പ്രകാരം അടയ്ക്കുന്നതിന് സര്‍ക്കാരിന്റെ 20.03.2019 ലെ ജി.ഒ.(പി) നമ്പര്‍ 16/2019/ട്രാന്‍സ് പ്രകാരം ഉത്തരവായിട്ടുണ്ട്. 31.03.2019 വരെയുളള 5 വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശിക ഉളള വാഹനങ്ങള്‍ക്ക് മാത്രമേ ഈ പദ്ധതി പ്രകാരം നികുതി അടയ്ക്കാന്‍ സാധിക്കുകയുളളു. ഇതില്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 5 വര്‍ഷത്തില്‍ എത്ര കുടിശ്ശിക ഉണ്ടെങ്കിലും അവസാനത്തെ 5 വര്‍ഷത്തെ (01.04.2014 മുതല്‍ 31.03.2019 വരെ) നികുതിയും അഡീഷണല്‍ ടാക്സും, പലിശയും ഉള്‍പ്പെടെയുളള ആകെ തുകയുടെ 20 ശതമാനം മാത്രമേ നികുതിയായി അടയ്ക്കേണ്ടതുളളു. നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ കാര്യത്തില്‍ ഇത് 30 ശതമാനമായിരിക്കും. ഈ പദ്ധതി പ്രകാരം നികുതി അടയ്ക്കുവാന്‍ വാഹന ഉടമയോ അയാള്‍ അധികാരപ്പെടുത്തിയ വ്യക്തിയോ വെളള പേപ്പറില്‍ അപേക്ഷ സമര്‍പ്പിക്കണം. വാഹനം പൊളിച്ചു കളഞ്ഞവര്‍ക്കും, മോഷണം പോയവര്‍ക്കും, വാഹനത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലാത്തവര്‍ക്കും 31.12.2019 വരെ ഈ പദ്ധതി പ്രകാരം നികുതി ഒടുക്കി വാഹനത്തിന്മേലുളള ബാധ്യത ഒഴിവാക്കാം. ഇതിനായി 100 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം തയ്യാറാക്കി ഉടമയുടെ വിലാസം തെളിയിക്കുന്ന രേഖയടക്കം സമര്‍പ്പിക്കേണ്ടതാണെന്ന് കൊടുവളളി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
- Log in to post comments