പാലക്കാട് നഗരസഭയില്‍ അജൈവ മാലിന്യങ്ങള്‍ 15 മുതല്‍ ശേഖരിക്കും
പാലക്കാട് നഗരസഭാ പരിധിയിലെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള അജൈവ മാലിന്യങ്ങള്‍ ജൂണ്‍ 15 മുതല്‍ ശേഖരിക്കാന്‍ ആരംഭിക്കും. അജൈവം, സാനിറ്ററി നാപ്കിനുകള്‍, ഇ-വേസ്റ്റ് തുടങ്ങിയവ ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ വ്യത്യസ്ത ദിവസങ്ങളിലായി ശേഖരിക്കും. ഓരോ മാലിന്യവും ശേഖരിക്കുന്ന ദിവസങ്ങള്‍ വ്യക്തമാക്കുന്ന മാലിന്യശേഖരണ കലണ്ടര്‍ നഗരസഭ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യും. മാലിന്യങ്ങള്‍ തരം തിരിക്കേണ്ടതെങ്ങനെ, ഏതെല്ലാം ദിവസങ്ങളിലാണ് നല്‍കേണ്ടത് തുടങ്ങിയ വിവരങ്ങള്‍ കലണ്ടറിലുണ്ടാകും. ഇതനുസരിച്ചായിരിക്കണം മാലിന്യങ്ങള്‍ ഹരിതകര്‍മ സേനയെ ഏല്‍പ്പിക്കേണ്ടത്.
വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യത്തിന് 100 രൂപയും വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ശേഖരിക്കുന്നവയ്ക്ക് 25 കിലോയ്ക്ക് 300 രൂപയുമാണ് പ്രതിമാസം ഈടാക്കുക. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം 25 കിലോയില്‍ അധികമായാല്‍ അധികം വരുന്ന ഓരോ 10 കിലോയ്ക്കും 100 രൂപ വീതം അധികചാര്‍ജ്ജ് ഈടാക്കും.
നഗരസഭയുടെ ഓരോ വാര്‍ഡിലും ചുമതലപ്പെടുത്തിയ ഹരിതകര്‍മസേനാംഗങ്ങള്‍ മാലിന്യം ശേഖരിച്ച് വാര്‍ഡുകളിലെ നിശ്ചിത സ്ഥലത്ത് എത്തിക്കുകയും ഇവിടെ നിന്നും നഗരസഭയുടെ മാലിന്യസംസ്‌ക്കരണ കേന്ദ്രത്തിലേക്ക് നീക്കുകയും ചെയ്യും. കുപ്പി, പ്ലാസ്റ്റിക്, തുണി എന്നിങ്ങനെ തരംതിരിച്ചാണ് മാലിന്യസംസ്‌ക്കരണ കേന്ദ്രത്തിലേക്ക് നീക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ 15 ദിവസത്തിലൊരിക്കലും ഇ-വേസ്റ്റ്്, അത്തരത്തിലുള്ള മറ്റു അജൈവമാലിന്യങ്ങള്‍ എന്നിവ മൂന്നു മാസത്തിലൊരിക്കലുമായിരിക്കും വീടുകളില്‍ നിന്നും ഹരിതകര്‍മസേന ശേഖരിക്കുക.
- Log in to post comments