Skip to main content

വായനാപക്ഷാചരണത്തിന് ജില്ലയിൽ തുടക്കം

ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 27 വരെ സംഘടിപ്പിക്കുന്ന വായനാപക്ഷാചരണത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവഹിച്ചു. മനുഷ്യസമൂഹത്തെ സ്വപ്നം കാണാൻ ശീലിപ്പിച്ചത് വായനയും പുസ്തകങ്ങളുമാണെന്ന് മേരി തോമസ് അഭിപ്രായപ്പെട്ടു. മാനസികമായി പക്വതയുളളവരാവാൻ വായന സഹായകമാണെന്നും അവർ പറഞ്ഞു. സാങ്കേതിക സാധ്യതകൾ വായനയെ വിപുലപ്പെടുത്തകയാണുണ്ടായതെന്നും മേരി തോമസ് വ്യക്തമാക്കി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ടി കെ വാസു അദ്ധ്യക്ഷത വഹിച്ചു. കേരള ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം സുനിൽ ലാലൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്‌കുമാർ, സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ ശ്യാംലാൽ എന്നിവർ സംസാരിച്ചു.

ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകരായി തെരഞ്ഞെടുത്ത കെ വി തങ്കമ്മ (ഗ്രാമീണ വായനശാല, കോടന്നൂർ), ബേബി പ്രഭാകരൻ (ജനശക്തി വായനശാല കൂളുമുട്ടം), ടി വാസുദേവൻ (കെ എസ് ആർ എം എസ് ഗ്രാമീണ വായനശാല മായന്നൂർ), സുരേഷ് പി എ (ജനകീയ വായനശാല, പാറക്കൂട്ടം), മേരി പോൾ (ഗ്രാമീണ വായനശാല, കോട്ടപ്പടി), അഡ്വ. കെ ജി അജയകൂമാർ ( മഹാത്മഗാന്ധി റീഡിംഗ് റൂം ആന്റ് ലൈബ്രറി ഇരിങ്ങാലക്കുട) എന്നിവരെയും മികച്ച ലൈബ്രേറിയനായി തെരഞ്ഞെടുത്ത എൻ കെ ഹരിശ്ചന്ദ്രയെും (ഗ്രാമീണ വായനശാല, പുത്തൻചിറ) ആദരിച്ചു. ജില്ലയിലെ മികച്ച സ്‌കൂൾ ലൈബ്രറികളായി തെരഞ്ഞെടുക്കപ്പെട്ട വരവൂർ ജി എൽ പി എസ്, കൊടുങ്ങല്ലൂർ ബോയ്‌സ് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, ആശാരിക്കാട് ജി യു പി എസ് സ്‌കൂൾ എന്നിവയ്ക്ക് 3000 രൂപയുടെ പുസ്തക കിറ്റുകൾ നൽകി. കേരളത്തിലെ മികച്ച പോലിസ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ട ചാലക്കുടി പോലിസ്‌സ്റ്റേഷനിൽ പുതുതായി ആരംഭിക്കുന്ന ലൈബ്രറിക്കും അതിരപ്പിള്ളി പഞ്ചായത്തിൽ ആരംഭിക്കുന്ന ട്രൈബൽ ലൈബ്രറിക്കും പുസ്തക കിറ്റുകൾ വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ ഹരി സ്വാഗതവും പി എൻ പണിക്കർ ഫൗണ്ടേഷൻ കെ കെ സീതാരാമൻ നന്ദിയും പറഞ്ഞു.

date