വായനാ പക്ഷാചരണത്തിന് തുടക്കം - വായനയുടെ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തണം- കളക്ടര്‍
കാലത്തിനൊത്ത് വളരുന്ന വായനയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ പരിശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു. തിരുവഞ്ചൂര്‍ ഗവണ്‍മെന്‍റ് ചില്‍ഡ്രണ്‍സ് ഹോമില്‍ വായനാ പക്ഷാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വായന പുതിയ മേഖലകളിലേക്ക് വ്യാപിക്കുകയും അനുദിനം വികാസം പ്രാപിക്കുകയുമാണ്. സാഹിത്യകാരന്‍മാരും ആസ്വാദകരും വര്‍ധിച്ചിട്ടേയുള്ളൂ. അവര്‍ക്ക് പിന്തുണയേകുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്വകാര്യതയില്‍ ഒരു സാഹിത്യ കൃതി വായിക്കുന്ന അനുഭവം സവിശേഷമാണ്.
പുസ്തകങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല, അവയുടെ ഉള്ളടക്കം വായിക്കാനും അറിയാനും ആസ്വദിക്കാനുമുള്ളതാണ്. ഈ വസ്തുത തിരിച്ചറിഞ്ഞ് വായിക്കുവാന്‍ കുട്ടികള്‍ തയ്യാറാകണം- അദ്ദേഹം പറഞ്ഞു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് വി.കെ. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. പ്രഫ എസ്. ശിവസാദ് മുഖ്യപ്രഭാഷണം നടത്തി. മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സ്വപ്നതുല്യമായ ഉയരങ്ങള്‍ കീഴടക്കാനും വായനയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കുട്ടിയും സൂപ്പര്‍ കമ്പ്യൂട്ടറാണ്. അതിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടത് വായനയിലൂടെയാണ്. പ്രകൃതി തന്നിരിക്കുന്ന കഴിവുകള്‍ തിരിച്ചറിയുന്നതോടൊപ്പം വായനയും പഠനവും തപസ്യയാക്കുന്നവരെ കാത്തിരിക്കുന്നത് അനന്ത സാധ്യതകളാണ് -അദ്ദേഹം പറഞ്ഞു.
ചില്‍ഡ്രണ്‍സ് ഹോം ലൈബ്രറിക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ നല്‍കിയ എണ്‍പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. കെ. ആര്‍ ചന്ദ്രമോഹനില്‍ നിന്ന് ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങി. ഡി.സി ബുക്സ് സംഭാവന ചെയ്ത പുസ്തകങ്ങള്‍ ആര്‍. രാംദാസും മംഗളം പബ്ലിക്കേഷന്‍ നല്‍കിയ പുസ്തകങ്ങള്‍ മേരി ജോണും കളക്ടര്‍ക്ക് കൈമാറി.
അവധിക്കാല പരിപാടികളുടെ ഭാഗമായി ചില്‍ഡ്രണ്‍സ് ഹോമില്‍ നടത്തിയ വായനാ മത്സരത്തിലെ വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സര വിജയിയായ അനന്ത നാരായണന്‍ മാധവിക്കുട്ടിയുടെ ശിക്ഷ എന്ന രചന വായിച്ചു.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ടി. ശശീന്ദ്രനാഥ് വായനാദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നല്കി.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രഫ. കെ. ആര്‍ ചന്ദ്രമോഹന്‍ വായനാ പക്ഷാചരണ കര്‍മ്മപരിപാടി അവതരിപ്പിച്ചു. അയര്‍കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മോളി തോമസ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസമ്മ ബേബി, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ജോയ്സ് ജോസഫ് കൊറ്റത്തില്‍, ഗ്രാമപഞ്ചായത്തംഗം നിസ കുഞ്ഞുമോന്‍, പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, കോട്ടയം നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി വിനോദ് പിള്ള, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. മാത്യു, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ജി.എം. നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ പി.എന്‍. ശ്രീദേവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ വി.ജെ. ബിനോയ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, ചില്‍ഡ്രണ്‍സ് ഹോം സൂപ്രണ്ട് ബി. മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments