ഭയമല്ല മുന്‍കരുതലാണ് വേണ്ടത് സ്‌നേഹസ്പര്‍ശം സമഗ്ര കാന്‍സര്‍ നിയന്ത്രണ പദ്ധതി സംഘാടക സമിതി രൂപീകരിച്ചു
അര്‍ബുദത്തെ ഭയക്കുന്നതു കൊണ്ടാണ് അതിന്റെ ഭീകരത വര്‍ധിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സ്‌നേഹസ്പര്‍ശം സമഗ്ര കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ സംഘാടകസമിതി രൂപീകരണവും ബോധവല്‍ക്കരണ ക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരസുഖവും പോലെ തുടക്കത്തില്‍ കണ്ടെത്തി ചികിത്സ നല്‍കിയാല്‍ മാറുന്ന രോഗം മാത്രമാണ് കാന്‍സര്‍. അതിനായി നാം ഓരാരുത്തരും പരിശോധനക്ക് തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു ലക്ഷത്തിലധികം ആളുകളില്‍ നിന്നും രോഗമുള്ളവരെ കണ്ടെത്തി ചികിത്സ സൗകര്യമൊരുക്കുകയെന്ന വലിയ ദൗത്യമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ മുന്നിലുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കതിരൂര്‍, പന്ന്യന്നൂര്‍, മൊകേരി, ചൊക്ലി പഞ്ചായത്തുകളില്‍ നിന്നും കാന്‍സര്‍ രോഗലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സക്ക് വിധേയമാക്കും. ഇതിലൂടെ പാനൂരിനെ സമ്പൂര്‍ണ കാന്‍സര്‍ വിമുക്ത ബ്ലോക്ക് പഞ്ചായത്താക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടമെന്ന നിലയില്‍ വളണ്ടിയര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ ബ്ലോക്ക് പരിധിയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് പരിശോധന നടത്തും. 64 വാര്‍ഡുകളാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ളത്. ഒരോ വാര്‍ഡിനും നാല് പേരടങ്ങുന്ന ടീം എന്ന നിലയില്‍ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കും. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളായിരിക്കും. ഫില്‍ട്ടര്‍ ക്യാമ്പ് വഴി പരിശോധന നടത്തി കണ്ടെത്തുന്നവരെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി രോഗ നിര്‍ണയം നടത്തും. ഇതുവഴി ആവശ്യമുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ തുടക്കത്തില്‍ തന്നെ നല്‍കാനാകും. മാസത്തില്‍ ഒരു തവണ സൗജന്യമായി മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി ടെലി മെഡിസിന്‍ വഴി രോഗികള്‍ക്ക് ചെക്കപ്പിനുള്ള സൗകര്യവും ഒരുക്കും.
ആശാവര്‍ക്കര്‍മാര്‍. കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍എസ്എസ് പ്രവര്‍ത്തകര്‍, വായനശാല ക്ലബ്ബ് പ്രതിനിധികള്‍, സന്നദ്ധ സേവന പ്രവര്‍ത്തകര്‍ എന്നിവരെയാണ് വളണ്ടിയര്‍മാരായി പരിഗണിക്കുന്നത്. പരിപാടിയുടെ ഭാഗമായി നടത്തിയ ബോധവല്‍ക്കരണ ക്ലാസില്‍ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളെ കുറിച്ചും, വ്യായാമം, വിശ്രമം എന്നിവയുടെ ആവശ്യകതയെകുറിച്ചും എംസിസിഎസ് പ്രസിഡന്റ് ഡി കെ പൈ, ജോയിന്റ് സെക്രട്ടറി ദിലീപ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.
പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ അനൂപ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി ടി റംല, ജില്ലാ പഞ്ചായത്ത് അംഗം ടി ആര്‍ സുശീല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷിമി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ സുഗീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എ ശൈലജ, വി കെ രാഗേഷ്, എം ഷീബ, ടി വിമല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി വി സുഭാഷ്, പന്ന്യന്നൂര്‍ പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ ടി കെ രമ്യ തുടങ്ങിയവര്‍ സംസാരിച്ചു.
പി എന്‍ സി/2117/2019
- Log in to post comments