Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

 

 

കര്‍ഷക തൊഴിലാളി ക്ഷേമനിധി അംശദായ ക്യാമ്പ്
കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളില്‍ നിന്ന് 2019-20 സാമ്പത്തിക വര്‍ഷത്തെ തുടര്‍ഗഡു അംശദായം സ്വീകരിക്കുന്നതിനായി ക്ഷേമനിധി ഉദ്യോഗസ്ഥര്‍ ജൂലൈ മാസം രാവിലെ 11 മുതല്‍ മൂന്ന് മണി വരെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യും.  തീയതി, വില്ലേജ്, ക്യാമ്പ് ചെയ്യുന്ന സ്ഥലം എന്ന ക്രമത്തില്‍.
ജൂലൈ നാല് - കൂവേരി, തിമിരി - ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ഓഫീസ്.  ആറ് - പരിയാരം - പരിയാരം ഗ്രാമപഞ്ചായത്ത് ഓഫീസ്.  ഒമ്പത് - കുറ്റ്യേരി - വിദ്യാപോഷിണി ഗ്രന്ഥാലയം, കാഞ്ഞിരങ്ങാട്. 11 - പട്ടുവം - പട്ടുവം ഗ്രാമപഞ്ചായത്ത് ഓഫീസ്. 15 - തളിപ്പറമ്പ് - കുറ്റിക്കോല്‍ യുവജന വായനശാല. 18 - ആന്തൂര്‍ - ആന്തൂര്‍ മുനിസിപ്പല്‍ ഓഫീസ്. 20 - മൊറാഴ - കണ്ണന്‍ഗുരുക്കള്‍ സ്മാരക വായനശാല ബക്കളം. 23 - പന്നിയൂര്‍ - കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്. 25 - കരിവെള്ളൂര്‍ - കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത് ഓഫീസ്. 27 - വെള്ളൂര്‍ - ജവഹര്‍ വായനശാല.
പി എന്‍ സി/2118/2019

ഗതാഗതം നിരോധിച്ചു
ഉരുവച്ചാല്‍-കാക്കയങ്ങാട് റോഡില്‍ മുഴക്കുന്ന് ജംഗ്ഷനടുത്ത് മുസ്ലീം പള്ളിക്ക്  മുന്‍വശമുള്ള ഓവുപാലം പുതുക്കിപണിയുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ 40 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.  അതിനാല്‍ ഉരുവച്ചാല്‍ ഭാഗത്തുനിന്നും കാക്കയങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാവുമ്പടി കഴിഞ്ഞ് ഇടത് ഭാഗത്തുള്ള പഞ്ചായത്ത് റോഡിലൂടെ ഓട്ടമരം ബസ് സ്റ്റോപ്പ് വഴിയും കാക്കയങ്ങാട് നിന്ന് ഉരുവച്ചാല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മുഴക്കുന്ന് ജംഗ്ഷനില്‍ നിന്ന് ഇടത് തിരിഞ്ഞ് മുടക്കോഴി  സ്‌കൂള്‍ പരിസരത്ത് കൂടെ കാവുമ്പടി വഴി കടന്നുപോണ്ടേതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പി എന്‍ സി/2119/2019

ലോഗോ ഡിസൈന്‍: അപേക്ഷ ക്ഷണിച്ചു
വനിതകള്‍ക്ക് തൊഴില്‍ പരിശീലനം ,സാങ്കേതിക പരിജ്ഞാനം ,പോഷകാഹാര ആരോഗ്യ പദ്ധതി മുതലായ സേവനങ്ങള്‍  ലഭ്യമാക്കി വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മഹിള ശക്തി കേന്ദ്ര പദ്ധതിയുടെ ലോഗോ ഡിസൈന്‍ ചെയ്യുന്നതിന് വനിതശിശു വികസന വകുപ്പിലെ ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 24 ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും.  വിശദ വിവരങ്ങള്‍ക്ക് അടുത്തുള്ള ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 0497 2700707.
പി എന്‍ സി/2120/2019

മയക്കുമരുന്ന് വിരുദ്ധ ദിനാചരണം:
വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു
ജൂണ്‍ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തിലും, സര്‍ക്കിള്‍-റെയിഞ്ച് തലത്തിലും എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.  23ന്  തലശ്ശേരിയില്‍ മലബാര്‍ കാന്‍സര്‍ കണ്‍സോര്‍ഷ്യവുമായി സഹകരിച്ച് തലശ്ശേരി നഗരത്തില്‍ റാലിയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല കവിത, കാര്‍ട്ടൂണ്‍, ചിത്രരചന, പെയിന്റിംഗ് മത്സരങ്ങളും നടത്തുന്നു.  24ന് വൈകുന്നേരം കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ കണ്ണൂര്‍ എക്‌സൈസ് ടീമും കണ്ണൂര്‍ പ്രസ് ക്ലബ്ബ് ടീമും തമ്മില്‍  ഫുട്‌ബോള്‍ പ്രദര്‍ശന മത്സരവും 25ന് വൈകുന്നേരം മൂന്ന് മണിക്ക്  ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുമായി സഹകരിച്ചുകൊണ്ട് എക്‌സൈസ് ജീവനക്കാര്‍ പങ്കെടുക്കുന്ന ബൈക്ക് റാലി എന്നിവയും സംഘടിപ്പിക്കും. കലക്ടറേറ്റില്‍ നിന്നും ആരംഭിക്കുന്ന ബൈക്ക് റാലി നഗരം ചുറ്റി ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും. 26ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാതല പരിപാടി കഥാകൃത്ത്  ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.
പി എന്‍ സി/2121/2019

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍/ഡീസല്‍ വില്‍പ്പനശാലകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി പ്രവര്‍ത്തന മൂലധന വായ്പ നല്‍കാന്‍ പരിഗണിക്കുന്നതിനായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകന്‍ എസ് സി/എസ് ടി വിഭാഗത്തില്‍പ്പെട്ടയാളും പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറും ആയിരിക്കണം.  അപേക്ഷകന് സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ടാക്‌സ് രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം  ആറ് ലക്ഷം രൂപ കവിയരുത്.  പ്രായം 60 വയസ്സ് കവിയരുത്.  അപേക്ഷകനോ ഭാര്യയോ ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളുലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. വായ്പക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കേണ്ടതാണ്. മേല്‍ വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയ്യതി, ഡീലര്‍ഷിപ്പ് അഡ്രസ്സ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം വെള്ളക്കടലാസില്‍  തയ്യാറാക്കിയ അപേക്ഷ മാനേജിംഗ് ഡയറക്ടര്‍ കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ഹാള്‍ റോഡ്, തൃശ്ശൂര്‍-20 എന്ന വിലാസത്തില്‍ ജൂലൈ 10 നകം ലഭിക്കേണ്ടതാണ്.
പി എന്‍ സി/2122/2019

 ഐ എച്ച് ആര്‍ ഡി യില്‍ സീറ്റൊഴിവ്
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് വിഷയങ്ങളില്‍ സീറ്റൊഴിവുണ്ട്.  എസ് സി/എസ് ടി, ഒ ഇ സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ ബന്ധപ്പെടുക.  ഫോണ്‍: 0460 2206050, 8547005048.
പി എന്‍ സി/2123/2019

 പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം
മത്സര പരീക്ഷകളില്‍ വിദ്യാര്‍ഥികളെ മാനസികമായി തയ്യാറാക്കുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍  വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് സി ഡിറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നു.  മൂന്നു മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപന്റ് ലഭിക്കും.  ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ മൂന്ന് വര്‍ഷ ഡിപ്ലോമ/എഞ്ചിനീയറിംഗ് പാസായവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.  പ്രായപരിധി 18 നും 26 നും മധ്യേ.
താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സൈബര്‍ശ്രീ സെന്റര്‍, സി ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി ഒ, തിരുവനന്തപുരം-695015 എന്ന വിലാസത്തില്‍ ജൂണ്‍ 29 ന് മുമ്പ് ലഭിക്കത്തക്കവിധം അപേക്ഷിക്കണം.  അപേക്ഷാ ഫോറം  www.cybersri.orgല്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ അയക്കാവുന്നതാണ്.  ഫോണ്‍: 9947692219/8921412961.
പി എന്‍ സി/2124/2019

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ ദ്രവ്യഗുണ വിജ്ഞാന വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ആധാര്‍ കാര്‍ഡ് എന്നിവ  തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂണ്‍ 26 ന് രാവിലെ 11 മണിക്ക് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.  ഫോണ്‍: 0497 2800167.
പി എന്‍ സി/2125/2019

തടി ലേലം
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ ജൂലൈ മാസത്തെ വില്‍പന ജൂലൈ ഒന്ന്, 23 തീയതികളില്‍ ഓണ്‍ലൈന്‍ വഴി നടക്കും.  ഇ ലേലത്തെ സംബന്ധിച്ചും രജിസ്‌ട്രേഷന്‍ നടപടികള്‍ക്കും 0490 2302080, 8547602859 നമ്പറുകളില്‍ ബന്ധപ്പെടുക.
പി എന്‍ സി/2126/2019

പോളിടെക്‌നിക് കോളേജ് പ്രവേശനം
പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വനിത പോളിടെക്‌നിക് കോളേജിലെ ഒന്നാംഘട്ട പ്രവേശനം ജൂണ്‍ 24 മുതല്‍ 27 വരെ നടക്കും.  അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥിനികള്‍ രക്ഷിതാവിനൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നേരിട്ടോ അധികാരപ്പെടുത്തിയ പ്രതിനിധി മുഖാന്തിരമോ ഹാജരാകേണ്ടതാണ്.  ഫീസ് ആനുകൂല്യത്തിന് അര്‍ഹരായവര്‍ 4150 രൂപയും മറ്റുള്ളവര്‍ 6750 രൂപയും കൊണ്ടുവരേണ്ടതാണ്.  ഫോണ്‍: 9447953128, 9605424654.
പി എന്‍ സി/2127/2019

ഗസ്റ്റ് അധ്യാപക നിയമനം
പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വനിത പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 26 ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. തസ്തിക, യോഗ്യത എന്ന ക്രമത്തില്‍.  ഡമോണ്‍സ്‌ട്രേറ്റര്‍(ഇലക്‌ട്രോണിക്‌സ്)- ഒന്നാം ക്ലാസ് ഡിപ്ലോമ(ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്).  ട്രേഡ്‌സ്മാന്‍/ട്രേഡ് ഇന്‍സ്ട്രക്ടര്‍ (ഇന്‍സ്ട്രുമെന്റേഷന്‍) -ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ/തത്തുല്യം. അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍(കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ്)-ഡിപ്ലോമ(കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ്)/തത്തുല്യം.  കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 04985 203001.
തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്എന്നീ തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ പാസായിരിക്കണം.  താല്‍പര്യമുള്ള  ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജൂണ്‍ 25 (മെക്കാനിക്കല്‍), 26 (ഇലക്ട്രോണിക്‌സ്) തീയതികളില്‍ രാവിലെ 11 മണിക്ക് സ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന്് ഹാജരാകേണ്ടതാണ്. ഫോണ്‍: 0497-2835260.
പി എന്‍ സി/2128/2019

date