ഒല്ലൂർ-മണലൂർ മണ്ഡലങ്ങൾ കേരളത്തിന് മാതൃക: സ്പീക്കർ ശ്രീരാമകൃഷ്ണൻ
വിദ്യാഭ്യാസ കാർഷിക വികസന പ്രവർത്തനങ്ങളിൽ ഒല്ലൂർ-മണലൂർ മണ്ഡലങ്ങൾ കേരളത്തിന് മാതൃകയാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. മനുഷ്യന്റെ സമഗ്രമായ മൗലിക ശേഷി വളർത്തുന്നതിലൂടെയാണ് സർഗ്ഗാത്മക ശേഷി വളരുന്നതെന്നും അതിനാൽ സർഗ്ഗാത്മകതയിലൂടെ വിദ്യാഭ്യാസരീതി വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. 2019 ലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച ഇരു മണ്ഡലങ്ങളെയും വിദ്യാർത്ഥികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒല്ലൂർ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി മണ്ണുത്തി വെറ്റിനറി സർവകലാശാല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അഡ്വ. കെ രാജൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, വൈസ് ചാൻസിലർ ആർ ചന്ദ്രബാബു, ഡെപ്യൂട്ടി മേയർ റാഫി ജോസ് തുടങ്ങിയവർ ആശംസ നേർന്നു. സിനിമ സംവിധായകൻ വിനയൻ, ഫുട്‌ബോൾ ബോൾ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ എം വിജയൻ, ഇസാഫ് ഫൗണ്ടർ കെ പോൾ തോമസ് തുടങ്ങിവർ പങ്കെടുത്തു. സ്വാഗതസംഘം കൺവീനർ വർഗ്ഗീസ് കണ്ടംകുളത്തി സ്വാഗതവും ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
മണലൂർ മണ്ഡലത്തിൽ നടന്ന പരിപാടിയിൽ മുരളി പെരുനെല്ലി എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വി എസ് രേവതി, എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു കെ ലതിക, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്ത് വടക്കുംഞ്ചേരി, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി ജോയ് അറക്കൽ എന്നിവർ സംസാരിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ സ്വാഗതവും പാവാട്ടി ഗ്രാമപഞ്ചായത്ത് അംഗം രവി ചെറാട്ടി നന്ദിയും പറഞ്ഞു. 2018-19 അദ്ധ്യയന വർഷത്തിൽ മണലൂർ മണ്ഡലത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 278 വിദ്യാർത്ഥികളെയും പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ 64 വിദ്യാർത്ഥികളെയും ആണ് അവാർഡുകൾ വിതരണം ചെയ്ത് അനുമോദിച്ചു. കൂടാതെ മണ്ഡലത്തിലെ 100 ശതമാനം പൂർണ്ണ വിജയം കരസ്ഥമാക്കിയ 15 സ്‌കൂളുകൾക്കും അവാർഡുകൾ നൽകി ആദരിച്ചു.
- Log in to post comments