Skip to main content

കൊടുങ്ങല്ലൂർ നഗരസഭയിൽ  വനിതാ ശാക്തീകരണകേന്ദ്രം ആരംഭിച്ചു

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കൊടുങ്ങല്ലൂർ നഗരസഭയിൽ വനിതാ ശാക്തീകരണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ലിംഗപദവിയെക്കുറിച്ചുള്ള പഠനം അവരുടെ മാനസിക-കുടുംബ പ്രശ്‌നങ്ങൾക്ക് കൗൺസിലിങ്ങ് ഉൾപ്പെടെയുള്ള സേവനങ്ങൾ കേന്ദ്രത്തിൽ ലഭിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളെ ചെറുക്കുന്നതിനും അക്രമങ്ങൾക്ക് വിധേയരായവർക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്താനും കേന്ദ്രത്തിൽ നിന്ന് സഹായം ലഭിക്കും. നഗരസഭയിലെ രണ്ടു കുടുംബശ്രീ സി.ഡി.എസ്സുകളുടെയും നേതൃത്വത്തിലാണ് വനിതാ ശാക്തീകരണകേന്ദ്രം പ്രവർത്തിക്കുക. നഗരസഭയിലെ വനിതാ വിശ്രമകേന്ദ്രത്തിനോടനുബന്ധിച്ചാണ് ജെൻറർ റിസോഴ്സ് സെന്റർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സന്റെ അദ്ധ്യക്ഷതയിൽ സി.ഡി.എസ്.ചെയർപേഴ്‌സൺ, ഐ.സി. ഡി.എസ് സൂപ്പർവൈസർ, വനിത കൗൺസിലർമാർ, വിദഗ്ദ്ധർ തുടങ്ങി 15 പേരടങ്ങുന്ന കമ്മിറ്റിയാണ് ഭരണസമിതി. റിസോഴ്സ് സെന്റർ നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.കെ.രാമനാഥൻ, വി ജി.ഉണ്ണികൃഷ്ണൻ, ജില്ലാ കോർഡിനേറ്റർ വിനീത, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ ശ്രീദേവി തിലകൻ, രത്‌നശ്രീകുമാർ എന്നിവർ സംസാരിച്ചു.

date