ഉച്ചഭക്ഷണ വിതരണം; നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി
സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. കൊയിലാണ്ടി കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളില്‍ ഭക്ഷ്യവിഷബാധയ്ക്കിടയായ സാഹചര്യത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ആരോഗ്യം, ഫുഡ്‌സേഫ്റ്റി, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ സ്‌കൂളുകള്‍ ഉച്ചഭക്ഷണ വിതരണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
അതത് സ്‌കൂളുകളിലെ സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മറ്റിക്കാണ് ഭക്ഷണ വിതരണത്തിന്റെ പൂര്‍ണ ചുമതല. പി.ടി.എ പ്രസിഡന്റ്, സ്‌കൂള്‍ എച്ച്.എം, വാര്‍ഡ് മെമ്പര്‍, രണ്ട് അധ്യാപകര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് വിദ്യാര്‍ത്ഥി, പ്രതിനിധി തുടങ്ങി അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് ഉച്ചഭക്ഷണ കമ്മറ്റി. കമ്മറ്റിയില്‍ നോഡല്‍ ഓഫീസറായി തെരഞ്ഞെടുക്കുന്ന അധ്യാപകനായിരിക്കും ഭക്ഷണവിതരണത്തിന്റെ ഉത്തരവാദിത്തം. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പൊതുവായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം ഭക്ഷണവിതരണം. ഇതിനായി പാചകം ചെയ്യാനുപയോഗിക്കുന്ന വെള്ളം, പാത്രങ്ങള്‍, അരി, മറ്റ് ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കണം. കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രമേ ധാന്യങ്ങളും പച്ചക്കറികളും പാചകത്തിന് ഉപയോഗിക്കാവൂ. അതു പോലെ പ്രധാനമാണ് പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളുടെ ശുചീകരണം. കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന പാത്രങ്ങളും ഗ്ലാസുകളും ഭക്ഷണവിതരണത്തിന് മുന്‍പ് ചൂട് വെള്ളം ഉപയോഗിച്ച് കഴുകാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് പൂര്‍ണമായും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ നല്‍കാവൂ. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ക്കാന്‍ പാടില്ല.
കൂടാതെ പാചകം ചെയ്യുന്ന ആള്‍ക്ക് ജോലി ചെയ്യുന്നതിന് കൃത്യമായ കാര്യക്ഷമത ഉണ്ടോയെന്ന കാര്യം ഉറപ്പാക്കേണ്ടതും സ്‌കൂള്‍ കമ്മറ്റിയുടെ ഉത്തരവാദിത്തമാണ്. പാചകക്കാരുടെ പ്രായം, ശാരീരിക ക്ഷമത, അസുഖങ്ങള്‍ എന്നിവ പ്രത്യേകം പരിഗണിക്കപ്പെടണം. സ്‌കൂളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം സംബന്ധിച്ച് ഫുഡ് ഓഡിറ്റ് നടത്തി മുഴുവന്‍ കാര്യങ്ങളും സ്‌കൂള്‍ കമ്മറ്റി കൃത്യമായി രേഖപ്പെടുത്തി വയ്ക്കണം. തുടര്‍ന്ന് എ.ഇ.ഒയുടെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് ഈ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. സ്‌കൂളുകളില്‍ പരിശോധനയ്ക്കായി എത്തുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ഭക്ഷ്യസുരക്ഷ ജീവനക്കാര്‍ക്കും, ആവശ്യപ്പെടുന്ന പക്ഷം ഓഡിറ്റ് വിവരങ്ങള്‍ കൈമാറണം. ഭക്ഷണ വിതരണത്തില്‍ അപാകതയുണ്ടായാല്‍ നോഡല്‍ ഓഫീസര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം കര്‍ശന നടപടിയെടുക്കുന്നതിനും യോഗം നിര്‍ദേശിച്ചു.
- Log in to post comments