Skip to main content

ലോക ജന്തുജന്യരോഗനിവാരണ ദിനം ആചരിച്ചു

ലോക ജന്തുജന്യരോഗനിവാരണ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിൽ കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം എൽ റോസ്സി നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ ജെ റീന അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. അനൂപ് ടി കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റേറ്റ് എപിഡിയമോളോജിസ്‌റ് ഡോ. എ സുകുമാരൻ മുഖ്യാതിഥിയായി. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ സെമിനാർ അവതരിപ്പിച്ചു. പേവിഷബാധക്ക് എതിരായി വാക്‌സിന് കണ്ടുപിടിച്ച ലൂയി പാസ്റ്റർ ജോസഫ് മെസ്റ്റൻ എന്ന ബാലനിൽ വാക്‌സിൻ കുത്തി വെച്ചതിന്റെ ഓർമ്മയ്ക്കായാണ് ലോക ജന്തുജന്യരോഗനിവാരണ ദിനം ആചരിക്കുന്നത്. 

മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും നേരിട്ടോ അല്ലാതെയോ പകരുന്ന രോഗങ്ങൾ ജന്തുജന്യരോഗങ്ങളാണ് ജന്തുജന്യ രോഗങ്ങൾ. റേബീസ്, ബ്രൂസിലോസിസ്, ജാപ്പനീസ് എന്‌സഫലൈറ്റിസ്, പ്ലേഗ്, എലിപ്പനി, സ്‌ക്രബ്ബ് ടൈഫസ് തുടങ്ങിയവയാണ് ഇന്ത്യയിൽ പ്രധാനമായി കാണപ്പെടുന്ന ജന്തുജന്യ രോഗങ്ങൾ. ഏവിയൻ ഇൻഫ്‌ലുവെൻസ, നിപ്പ , ക്രിമിയൻ കോംഗോ ഹെമറേജ്ജിക് ഫീവർ, എച്ച് വൺ എൻ വൺ തുടങ്ങിയവയുടെ സാന്നിദ്ധ്യം ജന്തുജന്യ രോഗങ്ങളെക്കുറിച്ച് അവബോധമുണ്ടാകുന്നതിന്റെ പ്രാധാന്യം കൂട്ടി.

ഡോക്ടർമാർ, മൃഗ ഡോക്ടർമാർ, ശാസ്ത്രജ്ഞന്മാർ, പരിസ്ഥിതി പ്രവർത്തകർ, സർക്കാർ ജീവനക്കാർ എന്നിവർ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. ജന്തുജന്യരോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുകയും പൊതുജനങ്ങളിലും കുട്ടികളിലും അവബോധം വളർത്തുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

date