Skip to main content

പൂനൂര്‍ ഗവ. സ്‌കൂള്‍ കെട്ടിടത്തിന് ശിലയിട്ടു വിദ്യാഭ്യാസ രംഗം മുന്നേറ്റത്തിന്റെ പാതയില്‍; മന്ത്രി സി രവീന്ദ്രനാഥ്

 

 

ഭൗതിക സാഹചര്യ വികസനത്തിലും അക്കാദമിക് രംഗത്തെ വളര്‍ച്ചയിലും സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം മുന്നേറ്റത്തിന്റെ പാതയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പൂനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൂന്ന് വര്‍ഷത്തിനുള്ളില്‍ 50 കോടിയാണ് ബാലുശേരി മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് മാത്രമായി നിക്ഷേപിച്ചത്. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകള്‍ ഹൈടെക്കാക്കുന്നത് മുന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇതോടെ ഒന്ന് മുതല്‍ 12 വരെ ക്ലാസുകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. ക്യു ആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തി 9,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളും സാങ്കേതികമായി മാറി. ഈ കോഡുപയോഗിച്ച് ത്രീഡി ചിത്രങ്ങള്‍ ക്ലാസുകളിലെ സ്്ക്രീനില്‍ കണ്ടു പഠിക്കാം. മുമ്പൊന്നുമില്ലാത്ത വിധം 203 അധ്യയന ദിവസങ്ങളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതെല്ലാം പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ നേട്ടങ്ങളാണ്. ജനങ്ങളുടെ കൂടെ സഹകരണമാണ് ഇതിന് സഹായിച്ചതെന്നും മന്ത്രി പറഞ്ഞു. 

 

സ്‌കൂളിനെ മികവിന്റെ കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്ന് 3 കോടിയാണ് കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ചത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി 1850 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്‌കൂളിനായി നേരത്തെ തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. 

 

എസ്എസ്എല്‍സി പരീക്ഷയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം നേടി, സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനം നേടിയതിന് സ്‌കൂളിന് പിടിഎ നല്‍കിയ ഉപഹാരവും സ്ഥലം മാറിപ്പോയ പ്രധാനധ്യാപിക ഡെയ്സി സിറിയകിനുള്ള ഉപഹാരവും മന്ത്രി സമ്മാനിച്ചു. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'യെസ് ഐ കാന്‍ 'അക്കാദമിക് ക്ലിനിക് പദ്ധതിയുടെ ലോഞ്ചിങും ചടങ്ങില്‍ നടന്നു.

 

പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ്ദാനം ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇ ടി ബിനോയും ജില്ലാ പഞ്ചായത്ത്് അംഗം വി ഷക്കീലയും നിര്‍വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ പി സക്കീന, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ഉസ്മാന്‍ മാസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങളായ എ പി രാഘവന്‍, സാജിത, എഡ്യുകെയര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. യു കെ അബ്ദുല്‍നാസര്‍, ബാലുശേരി എഇഒ എം രഘുനാഥ്,  പ്രധാനധ്യാപകന്‍ (ഇന്‍ ചാര്‍ജ്) ഇ വി അബ്ബാസ്, കെ വി അബ്ദുല്‍ലത്തീഫ്, പി രാമചന്ദ്രന്‍, ടി സി രമേശന്‍മാസ്റ്റര്‍, പി കെ ശോഭിത്ത്, കെ കെ ഗഫൂര്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, കെ സി റിജുകുമാര്‍, സി എം ഷെറീന, ഹസീന, ജാഫര്‍ സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റ് എന്‍ അജിത്കുമാര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ റെന്നി ജോര്‍ജ് നന്ദിയും പറഞ്ഞു.

 

date