Skip to main content

പഠനം ജീവിതവുമായി ബന്ധമുളളതാകണം- മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്

എല്ലാ പ്രൈമറിസ്‌കൂളുകളും രണ്ടുമാസത്തിനകം ഹൈടെക് : വിദ്യാഭ്യാസ മന്ത്രി

 

 

 

സംസ്ഥാനത്തെ മുഴുവന്‍ എല്‍പി, യുപി സ്‌കൂളുകളും വരുന്ന രണ്ടുമാസത്തിനുള്ളില്‍ ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനങ്ങള്‍ക്കു മുന്നില്‍ വെച്ച  വലിയ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. പൊതു വിദ്യാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ അക്കാദമിക മികവ് പുലര്‍ത്തുന്നവരാകണം  എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താന്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. പരീക്ഷകള്‍ക്ക് വേണ്ടി പഠിക്കുന്നതില്‍ നിന്നും മാറി പ്രായോഗിക വിദ്യാഭ്യാസത്തിനാണ് നവീകരിച്ച പാഠ്യപദ്ധതിയിലൂടെ സര്‍ക്കാര്‍  ലക്ഷ്യമിടുന്നത്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ലോകത്തിലെ ഏറ്റവും മികച്ച പാഠ്യപദ്ധതി ഉള്ള സംസ്ഥാനമായി കേരളം മാറുമെന്നും  വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.  കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കേരള സര്‍ക്കാര്‍ അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ  ശിലാസ്ഥാപനവും ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍നിന്ന് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള അനുമോദനത്തിനും  കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി  സ്‌കൂളിലെ പ്രധാനാധ്യാപകനായി  വിരമിക്കുന്ന കെ കെ ശിവദാസന്‍ മാസ്റ്റര്‍ ക്കുള്ള യാത്രയയപ്പിനുമായി കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

 

ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി അധ്യക്ഷനായി. കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി പൂര്‍വവിദ്യാര്‍ത്ഥികള്‍ സംഭാവന ചെയ്ത കുടിവെള്ള ശുദ്ധീകരണ സംവിധാനം മന്ത്രി വിദ്യാലയത്തിന് സമര്‍പ്പിച്ചു. എന്റെ സ്‌കൂള്‍ പദ്ധതിയിലൂടെ 100% വിജയം കൈവരിച്ച ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ 7 സ്‌കൂളുകളെ ചടങ്ങില്‍ അനുമോദിച്ചു, പ്ലസ് ടു പരീക്ഷയില്‍ 1200 മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളായ നേഹ നസ്‌റിന്‍,അനുവിന്ദ്, അഭിനവ് കൃഷ്ണ എന്നിവര്‍ക്ക്  മന്ത്രി ഉപഹാരം നല്‍കി.  ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രതിഭ,  പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ശോഭ,   ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ രൂപലേഖ കൊമ്പിലാട്,  വി എം കമലാക്ഷി,  യശോദ തെങ്ങിട, മെമ്പര്‍മാരായ കെ കെ പരീദ്, വി കെ ഷീബ, പി എന്‍ അശോകന്‍, എം പി നദീഷ് കുമാര്‍, വിഎം പ്രമീള, യുകെ സിറാജ് മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോക്കല്ലൂര്‍ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് മുസ്തഫ ദാരുകല സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ പി പുഷ്പരാജ് നന്ദിയും പറഞ്ഞു

 

 

 

 

 

ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങാതെ ജീവിതവും പ്രകൃതിയുമായി ബന്ധിപ്പിച്ചുവേണം വിദ്യാര്‍ഥികള്‍ പഠനം നടത്താനെന്ന് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. നന്നായി പഠിക്കുകയും മാര്‍ക്കു നേടുകയും ചെയ്തതുകൊണ്ടുമാത്രമായില്ല പഠിക്കുന്ന കാര്യങ്ങള്‍ ജീവിതവുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ അത് സംസ്‌കാരമായി മാറുകയുള്ളൂ. കേവലം പാഠപുസ്തക പഠനം മാത്രമല്ല ക്യാമ്പസ് തന്നെ പഠന പുസ്തകം ആയി മാറുകയാണ് വേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അത്തോളി ഗവ ഹയര്‍സെക്കന്ററി സ്‌കൂളിന്  അനുവദിച്ച  മൂന്ന് കോടി  രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അത്തോളി എന്‍.ആര്‍.ഐ ഫോറം യു.എ.ഇയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച നേതാജി പാര്‍ക്കും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

 സര്‍ക്കാര്‍ ചരിത്രത്തിലാദ്യമായി  ചലഞ്ച് ഫണ്ടിലൂടെ 14 കോടിയോളം രൂപ എയ്ഡഡ് സ്‌കൂളുകളിലെ കെട്ടിടങ്ങള്‍ മാറ്റുന്നതിനു വേണ്ടി നല്‍കിക്കഴിഞ്ഞു. ഇനിയും അപേക്ഷകള്‍ പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂളില്‍ ഇങ്ങനെയൊരു  പാര്‍ക്ക് സൃഷ്ടിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. 

പാര്‍ക്ക് രേഖ സമര്‍പ്പണം എന്‍.ആര്‍.ഐ ഫോറം യു.എ.ഇ പ്രസിഡന്റ് പാണക്കാട് ഷാഹുല്‍ ഹമീദും  പാര്‍ക്കിന്റെ ശില്‍പ്പിയെ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബും ആദരിച്ചു. സ്‌കൂളിലെ പാചക പഠന കേന്ദ്രം പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം  ശോഭ നിര്‍വഹിച്ചു.  ഹെഡ്മിസ്ട്രസ് ലത കാരാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂര്‍ രവീന്ദ്രന്‍,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എ എം വേലായുധന്‍, ഷഹനാസ്ബി,   ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീബ രാമചന്ദ്രന്‍, പിടിഎ. പ്രസിഡന്റ് ഒ.കെ മനോജ്, എ കെ രാജന്‍,  രാജേഷ് കൂട്ടാക്കില്‍,  ടി പി അബ്ദുള്‍ ഹമീദ്,  ടി കെ കൃഷ്ണന്‍, സാജിത്  കോറോത്ത് എന്‍ ആര്‍ ഐ,  ടി കെ മോഹനന്‍ എന്‍ ആര്‍ ഐ, അബ്ദുല്‍ അസീസ് വ്യാപാരിവ്യവസായി,  വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ബിജേഷ് ടി പി, ഡെപ്യൂട്ടി എച്ച് എം കെ രവീന്ദ്രന്‍,  യുപി വിഭാഗം സീനിയര്‍ ടീച്ചര്‍ ചിത്ര കെ വി,  സ്റ്റാഫ് സെക്രട്ടറി പ്രകാശ് രാമത്ത്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എസ് അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് മുന്‍ഗണന- താമരശ്ശേരി താലൂക്ക് വികസന സമിതി

 

 

 

 

പ്രളയത്തില്‍ തകര്‍ന്നതും ഗതാഗത യോഗ്യമല്ലാതായി തീര്‍ന്നതുമായ താമരശ്ശേരി താലൂക്കിലെ മുഴുവന്‍ റോഡുകളും പാലങ്ങളും പുതുക്കി പണിയുന്നതിന് ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍ പരിശോധിച്ച് എം.എല്‍.എമാര്‍ മുഖേന ശുപാര്‍ശ ചെയ്യുന്നതിന് താമരശ്ശേരി താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനം. എട്ട് മീറ്റര്‍ വീതിയുളള പഞ്ചായത്ത്, റോഡുകള്‍ നവീകരണത്തിനായി ജില്ലാ പഞ്ചായത്തിന് കൈമാറാന്‍ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും നിര്‍ദ്ദേശം നല്‍കും. 

താമരശ്ശേരി താലൂക്ക് ആശുപത്രി വികസനത്തിന് അനുവദിച്ച 11 കോടി രൂപ വിനിയോഗിച്ച് നവീകരണം നടത്തുന്നതിന് സഹകരിക്കും. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്ഥാന ആശുപത്രിയായി ഉയര്‍ത്തുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് ശുപാര്‍ശ നല്‍കാനും യോഗം തീരുമാനിച്ചു. കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതിനാല്‍ പദ്ധതിയില്‍ അനുവദിച്ച ബാക്കി ചികിത്സ ധനസഹായം ലഭിക്കാന്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ലയിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യും. ബി.പി.എല്‍ ലിസ്റ്റ് എല്ലാ റേഷന്‍ കടകളിലും പ്രസിദ്ധീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കും. പഞ്ചായത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ആധുനിക രീതിയിലുളള പൊതു ശ്മശാനത്തിന്, ശ്മശാനമില്ലാത്ത അയല്‍ പഞ്ചായത്തുകളെ കൂടി ഉള്‍പ്പെടുത്തി, ആവശ്യമെങ്കില്‍ പഞ്ചായത്തിന്റെ പദ്ധതി വിഹിതം ആവശ്യപ്പെട്ട് പ്രസ്തുത പൊതുശ്മശാനം അയല്‍ പഞ്ചായത്തുകള്‍ക്ക് കൂടി ഉപയോഗപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയതായും യോഗം അറിയിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രി, ഈങ്ങാപ്പുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്റര്‍ വിപുലപ്പെടുത്താന്‍ താലൂക്കിലെ എല്ലാ ഗ്രാമപഞ്ചായത്തിന്റേയും സഹായം ആവശ്യപ്പെടാനും തീരുമാനമായി..

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.ഡി ജോസഫ് അധ്യക്ഷത വഹിച്ചു.  തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, കൊടുവളളി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷെരീഫ കണ്ണാടിപൊയില്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. കമലാക്ഷി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.പി ഉസൈന്‍, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.സി തോമസ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.വി സെബാസ്റ്റ്യന്‍, ജോളി മാത്യു, സലിം പുല്ലടി, റൂഖിയ ബീവി, വി.പി രാജീവന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രജീഷ്‌കുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു. 

 

 

date