Skip to main content

തെളിനീര്‍ നിറഞ്ഞ് കാട്ടുകുളം; ആഘോഷമാക്കാന്‍ നാട്ടുകാര്‍

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ കാട്ടുകുളം ഉപയോഗയോഗ്യമാക്കി. മണ്ണിടിഞ്ഞ് തകര്‍ന്നിരുന്ന പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ കാട്ടുകുളം മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുനരുദ്ധരിച്ചത്. നവീകരണ പ്രവൃത്തി പൂര്‍ത്തിയായതോടെ ഉദ്ഘാടനം ആഘോഷമാക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍. പള്ളിക്കല്‍ ഗ്രാമ  പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കാട്ടുകുളം ഈ മേഖലയിലെ ഒരു പ്രധാന ജലസ്രോതസ്സാണ്. പ്രദേശത്തെ കര്‍ഷകരും നാട്ടുകാരും കാലങ്ങളായി ഉപയോഗിച്ചു വന്നിരുന്ന കുളം കാര്യമായ സംരക്ഷണം ലഭിക്കാതെ മണ്ണും മാലിന്യവും വന്നടിഞ്ഞ് നശിക്കുകയായിരുന്നു. കുളം നശിച്ചു കൊണ്ടിരുന്ന അവസ്ഥയില്‍ പുനരുദ്ധാരണത്തിനായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മകളുടെ  പല ശ്രമങ്ങളും നടന്നിരുന്നു.
പള്ളിക്കല്‍, ചെറുകാവ്, പുളിക്കല്‍ ഗ്രാമ പഞ്ചായത്തുകള്‍ അതിരിടുന്നതിനു സമീപമാണ് ഈ കുളം. 2006 ല്‍ അഞ്ച്  ലക്ഷം രൂപ ചെലവില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവീകരണ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ യില്‍ അന്ന് ജെ.സി.ബി ചെളിയില്‍ താഴ്ന്നത് വഴി പ്രവൃത്തി നടത്താനായില്ല. പിന്നീട് കുളം പാടെ നശിച്ചു. കടുത്ത ജലക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ ജനകീയമായി ശുചീകരണ പ്രവര്‍ത്തനത്തിന് ശ്രമം നടത്തിയെങ്കിലും അതും വിജയം കണ്ടില്ല. 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവില്‍ കുളം നവീകരിച്ചതോടെ ഒരു നാടിന്റെ മുഖ്യ ജലാശയം കൂടിയാണ് ശോചനീയാവസ്ഥയില്‍ നിന്നും കര കയറിയത്. 32 മീറ്റര്‍ നീളവും, 20 മീറ്റര്‍ വീതിയും നാല് മീറ്ററിലേറെ താഴ്ചയോടെയും പുനരുദ്ധരിച്ച കാട്ടുകുളം ജില്ലയില്‍ തന്നെ വലിയ പൊതുകുളങ്ങളിലൊന്നാണ്.
തലമുറകളുടെ നീന്തല്‍ പരിശീലന കേന്ദ്രമായിരുന്ന കുളത്തിന്റെ പുനരുദ്ധാരണം പൂര്‍ത്തിയായതോടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് കുളിച്ചുല്ലസിക്കാന്‍ ഇവിടെയെത്തുന്നത്. കുളത്തിന്റെ ചുറ്റും കൈവരി സ്ഥാപിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. കുളത്തിലേക്കുള്ള വഴി കോണ്‍ക്രീറ്റ് ചെയ്ത് മനോഹരമാക്കുകയും ചെയ്തു. ഏക്കര്‍ കണക്കിനു കൃഷിഭൂമിയാണ് കുളത്തിന്റെ ചുറ്റു ഭാഗത്തുമെന്നത് ഈ ജലാശയത്തിന്റെ  പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. കുളം പൈതൃക കുളമാക്കണമെന്നാണ് പ്രദേശവാസികളുടെ ഇനിയുള്ള ഒരാവശ്യം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലിയുടെ ഭാഗമായി കുളം ഈ മാസം നാടിന് സമര്‍പ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സറീന ഹസീബ് പറഞ്ഞു.

 

date