Skip to main content

Rebuild - പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണം: സംസ്ഥാനത്തിന് മാതൃകയായി എറണാകുളം ജില്ല

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണം:

സംസ്ഥാനത്തിന് മാതൃകയായി എറണാകുളം ജില്ല

 

പ്രളയാനന്തര നടപടികളില്‍ എറണാകുളം ജില്ലയിലെ ഡിജിറ്റല്‍വല്‍ക്കരണം സംസ്ഥാനത്തിന് മാതൃകയാകുന്നു.  പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരണം,  ഗുണഭോക്താക്കളെ കണ്ടെത്തല്‍, സഹായവിതരണം തുടങ്ങിയവ രേഖപ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് ആവിഷ്‌കരിച്ച വെബ് അധിഷ്ഠിത സംവിധാനം മറ്റ് ജില്ലകളും നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അര്‍ഹതയുണ്ടായിട്ടും ഗുണഭോക്തൃപട്ടികയില്‍ ഇല്ലെന്നും അര്‍ഹമായ ആനുകൂല്യം ലഭിച്ചില്ലെന്നും തുടങ്ങി വിവിധ പ്രദേശങ്ങളില്‍നിന്നും വ്യാപക പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ഗുണഭോക്തൃ പട്ടികയില്‍ പരിഗണിച്ച മാനദണ്ഡങ്ങള്‍ വ്യക്തമായി ലഭിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്നു കാണിച്ച് 2019 ജൂണ്‍ 26ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.  ആനുകൂല്യം ലഭിക്കാന്‍ അപേക്ഷകന് അര്‍ഹതയുണ്ടെങ്കിലും ഇല്ലെങ്കിലും അതു സംബന്ധിച്ച് വ്യക്തത ലഭിക്കണമെന്നും അപേക്ഷ പരിഗണിക്കുന്ന നടപടിക്രമങ്ങളുടെ പുരോഗതി പരിശോധിക്കാന്‍ അവസരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുമുണ്ട്.  ഇക്കാര്യം പരിശോധിച്ചശേഷം ദുരന്ത കൈകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയതില്‍ എറണാകുളത്തെ മാതൃകയാക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടിയത്.

 

മുന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നിര്‍ദ്ദേശപ്രകാരം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ ജില്ലാ ഓഫീസാണ്  ഈ സംവിധാനം നടപ്പാക്കിയത്.  പ്രളയബാധിതരുടെ എണ്ണം ലക്ഷം കവിയുമെന്ന്  മനസ്സിലായതോടെ വിവരശേഖരണം, ഡാറ്റ എന്‍ട്രി, ധനസഹായ വിതരണം എന്നിവ സുതാര്യമാക്കാന്‍ കേന്ദ്രീകൃത സംവിധാനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.  പ്രളയദിനങ്ങളില്‍ത്തന്നെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായം പരമാവധി ഉപയോഗിച്ചാണ് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്.  ഒറ്റപ്പെട്ടുപോയ കുടുംബങ്ങളും  വ്യക്തികളും എവിടെയാണുള്ളതെന്ന്  ജിപിഎസ് സംവിധാനം വഴി കണ്ടെത്തി ആ വിവരം നാവികസേനയ്ക്കും  നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സും അടക്കമുള്ള വിവിധ രക്ഷാസേനകള്‍ക്കും  മത്സ്യത്തൊഴിലാളികളടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ക്കും നല്‍കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുകയും ഭക്ഷണം, വെള്ളം തുടങ്ങിയവ എത്തിക്കുകയും ചെയ്തുകൊണ്ടിരുന്നത്.  പോലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും വയര്‍ലെസ്സ് സന്ദേശ വിതരണത്തിനുപുറമേ ഹാം ഡേിയോ, ക്ലൗഡ് ടെലഫോണ്‍ സംവിധാനം തുടങ്ങിയവയും ജില്ലയില്‍ കണ്‍ട്രോള്‍ റൂം കേന്ദ്രമാക്കി പ്രവര്‍ത്തിപ്പിച്ചിരുന്നു.

 

താലൂക്ക് തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വെബ്‌സൈറ്റ് സംവിധാനം സഹായകമാകുമെന്നു മനസ്സിലാക്കി  എറണാകുളം അസി.ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജോര്‍ജ്ജ് ഈപ്പന്റെയും ടീമംഗങ്ങളുടെയും സഹായത്തോടെ ernakulam.nic.in എന്ന വെബ്‌സൈറ്റില്‍ പ്രത്യേക വിഭാഗം തയ്യാറാക്കി.  ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വീടുകളിലേയ്ക്ക് മടങ്ങുന്നവര്‍ക്ക് വിതരണം ചെയ്ത അവശ്യസാധനങ്ങളുടെ കിറ്റു വിതരണത്തിന്റെ താലൂക്കടിസ്ഥാനത്തിലുള്ള എണ്ണമാണ് ആദ്യം ലഭ്യമാക്കിയത്.  തൊട്ടു പുറകേ അടിയന്തരധനസഹായ വിതരണം തുടങ്ങി.  താലൂക്ക്, വില്ലേജ് എന്നിവ തിരിച്ച് ഓരോ ഗുണഭോക്താവിന്റെയും പേര്, വിലാസം, റേഷന്‍കാര്‍ഡ്-ബാങ്ക് അക്കൗണ്ട്-ആധാര്‍ നമ്പറുകള്‍ എന്നിവ സഹിതമാണ് പട്ടിക തയ്യാറാക്കിയത്.  പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനാവുന്ന 

വിധത്തില്‍ ഇതേക്കുറിച്ച് വ്യാപകമായ അറിയിപ്പും നല്‍കി.  ഇപ്പോഴും ഈ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.   

 

പ്രളയബാധിതര്‍ക്ക് വീട് പുനഃനിര്‍മിക്കാനോ പുനരുദ്ധരിക്കാനോ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനുമായി സഹകരിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ 'റീബില്‍ഡ് കേരള' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ച് വിവരശേഖരണത്തിനിറങ്ങിയതോടെ ആ വിവരവും സൈറ്റില്‍ താലൂക്ക് തിരിച്ച് ഗുണഭോക്താക്കളുടെ വിശദവിവരം സഹിതം ലഭ്യമാക്കി.  വീടു നിര്‍മാണത്തിന് ധനസഹായത്തിന്റെ ഗഡുക്കള്‍ നല്‍കുന്ന മൂന്നു ഘട്ടങ്ങളിലെയും നിര്‍മാണപുരോഗതിയുടെ  വിവിധ ഘട്ടങ്ങളുടെ ഫോട്ടോ സഹിതമാണ് വിവരങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്.  ernakulam.nic.in എന്ന സൈറ്റില്‍ ഫ്‌ളഡ് റിലീഫ് എന്ന ലിങ്കില്‍ കയറിയാല്‍ താലൂക്ക് അടിസ്ഥാനത്തിലും പഞ്ചായത്തടിസ്ഥാനത്തിലുമുള്ള പട്ടിക ലഭിക്കും.  ഫോണ്‍ നമ്പറോ റേഷന്‍ കാര്‍ഡ് നമ്പറോ നല്‍കിയാല്‍  വ്യക്തിഗത വിവരമറിയാം.  അതേ ലിങ്കിലുള്ള ഡാമേജ് സ്റ്റാറ്റസ് ക്ലിക്ക് ചെയ്താല്‍ മൊത്തം ഗുണഭോക്താക്കളുടെ പട്ടിക ലഭിക്കും.  ഒന്ന്, രണ്ട്, മൂന്ന് ഗഡുക്കളിലും തുക കൈപ്പറ്റിയവരുടെ എണ്ണവും ലഭിക്കും.  

 

ജൂണ്‍ ഏഴുവരെ സമയപരിധി നല്‍കി അപ്പീല്‍ നല്‍കാന്‍ വീണ്ടും സര്‍ക്കാര്‍ അവസരം നല്‍കിയപ്പോള്‍ ആദ്യതവണ അപേക്ഷിച്ച് അര്‍ഹമായ ആനുകൂല്യം നേടിയവരും വീണ്ടും അപ്പീല്‍ നല്‍കിയിരുന്നു.  എന്നാല്‍ അത്തരം ഇരട്ടിപ്പുകള്‍ ഡാറ്റ എന്‍ട്രി സമയത്തുതന്നെ മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് സംവിധാനം ഏറെ സഹായകമായി.  വീണ്ടുമൊരു അപ്പീല്‍ സ്വീകരണം പ്രതീക്ഷിക്കാതിരുന്ന മറ്റു ജില്ലകള്‍ എക്‌സല്‍ ഷീറ്റില്‍ വിവരം ശേഖരിച്ചാണ്  ആദ്യതവണ സഹായവിതരണം നടത്തിയത്.  വീണ്ടും അപ്പീല്‍ സ്വീകരിച്ചപ്പോള്‍ അനര്‍ഹരെ കണ്ടെത്താന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ലാതായി.  ഗുണഭോക്തൃപട്ടിക പൊതുജനങ്ങളെ കാണിക്കാനുമായില്ല.  പ്രളയം ഏറെ നാശം വിതച്ച ജില്ലകളിലൊന്നായിട്ടും നിരവധി അപേക്ഷകരുള്ള ജില്ലയായിട്ടും എറണാകുളത്തിന് അര്‍ഹതപ്പെട്ടവരിലേക്ക് സഹായമെത്തിക്കാന്‍ വേഗത്തില്‍ ഈ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് മൂലമാണ്. ഇത് കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ജില്ലാ കളക്ടര്‍ എസ്. സുഹാസ്. രണ്ടാം ഘട്ട അപ്പീലുകള്‍ തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍  വഴിസ്വീകരിക്കുന്നതും തുടര്‍നടപടികളെടുക്കുന്നതും ഇതിന്റെ തുടര്‍ച്ചയിലാണ്.

date