Skip to main content

സ്‌കൂളുകളിലെ റാഗിങ്ങിന് എതിരേ കര്‍ശന നടപടി: ജില്ലാ കളക്ടര്‍

ചൈല്‍ഡ് വെല്‍ഫെയര്‍  കമ്മിറ്റി  ത്രൈമാസഅവലോകനയോഗം നടത്തി

ജില്ലയില്‍ പുതുതായി അധികാരത്തില്‍ വന്ന  ബാലനീതി സംവിധാനമായ ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളുടെ റിവ്യു അഥോറിറ്റിയായ ജില്ലാകളക്ടര്‍ സി.ഡബ്ല്യു.സി യുടെ അവലോകനം  നടത്തി. റിവ്യു ചെയ്യുന്നതിനായി  ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു.  യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ.ഡി സജിത്ത് ബാബു അധ്യക്ഷതവഹിച്ചു. ജില്ലയിലെ വിവിധ  സ്‌ക്കൂളുകളില്‍ റാഗിങ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട  സാഹചര്യത്തില്‍ റാഗിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗം തീരുമാനിച്ചു.  
റാഗിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കാത്ത  സ്‌കൂള്‍  അധികൃതര്‍ക്കെതിരെ കര്‍ശന  നടപടി എടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സ്‌കൂള്‍ അധികൃതരടെ  പരാതിയില്‍  പോലീസ് ഇക്കാര്യത്തില്‍ കേസ് എടുക്കേണ്ടതാണെന്നും അദ്ദേഹം  നിര്‍ദ്ദേശിച്ചു. ജില്ലയിലെ ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളില്‍ ഏറ്റവും അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്ക്  സാമ്പത്തിക  സഹായം  നല്‍കുന്നതിനായി വ്യക്തികളില്‍  നിന്നും സഹായം സ്വീകരിച്ച് കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍  യോഗം തീരുമാനിച്ചു. 
 യോഗത്തില്‍ സി.ഡബ്ല്യു.സി  അധ്യക്ഷ അഡ്വ. ശ്യാമളാദേവി, അംഗങ്ങളായ അഡ്വ.ശിവപ്രസാദ്, അഡ്വ.രജിത, അഡ്വ.പ്രിയ, ജുവനൈല്‍ ജസ്റ്റിസ്‌ബോര്‍ഡ് അംഗം അഡ്വ. മോഹന്‍ കുമാര്‍, ജില്ലാശിശുസംരക്ഷണ ഓഫീസര്‍  പി.ബിജു  നടപടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വുമണ്‍ സെല്‍ പോലീസ്  ഇന്‍സ്‌പെക്ടര്‍ ഭാനുമതി, ഗവ:ചില്‍ഡ്രന്‍സ്  ഹോംസൂപ്രണ്ട്  മായ എസ്.കെ, ചൈല്‍ഡ് ലൈന്‍  നോഡല്‍ കോ-ഓര്‍ഡിനേറ്റര്‍  അനീഷ് ജോസ്,ഡി.സി.പി.യു ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ.എ.ശ്രീജിത്ത്, ഡി.സി.പി.യു കൗണ്‍സിലര്‍  അനു അബ്രഹാം, ഔട്ട്‌റീച്ച്‌വര്‍ക്കര്‍ സുനിത.ബി, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫൈസല്‍ എ.ജി, സോഷ്യല്‍വര്‍ക്കര്‍ രേഷ്മ.ടി.കെ സംസാരിച്ചു. സമിതി അധികാരത്തില്‍വന്നതിന്  ശേഷം  സി.ഡബ്ല്യു.സി ക്കു മുമ്പാകെ  വന്ന ആകെയുള്ള 205 കേസുകള്‍ തീര്‍പ്പാക്കിയതായി  സി.ഡബ്ല്യു.സി  ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.  ബാക്കിയുള്ള 16 കേസുകളില്‍  റിപ്പോര്‍ട്ട് വാങ്ങി അടിയന്തരമായി  തീര്‍പ്പാക്കുവാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. 

date