Skip to main content

ബ്ലൂ ആർമി പ്രവർത്തനം വിദ്യാർത്ഥികളിലേക്ക്: പ്രവർത്തനോദ്ഘാടനം അന്തിക്കാട് ബ്ലോക്കിൽ

ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ ഭാഗമായ ബ്ലൂ ആർമിയുടെ പ്രവർത്തനം ഇനി വിദ്യാർത്ഥികളിലേക്ക്. ജില്ലയിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 48 സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലായാണ് ആദ്യ ഘട്ടത്തിൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കുക. ജൂലൈ അവസാനത്തോടെ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നടത്താൻ ലക്ഷ്യമിട്ട് പദ്ധതികൾ ആസൂത്രണം ചെയ്യാൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും അദ്ധ്യപകരുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ജലസംരക്ഷണ അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്നതിനായി മഴക്കുഴി നിർമ്മാണം, ജലബജറ്റ് തയ്യാറാക്കൽ, കിണർ റീച്ചാർജ്ജിങ്, ജലശുദ്ധി പരിശോധന, വൃക്ഷതൈ നടൽ, തെങ്ങിന് തടം ഇടൽ തുടങ്ങിയ പ്രവർത്തനങ്ങൾ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തും. ബ്ലോക്കിന് കീഴിലെ അഞ്ച് പഞ്ചായത്തുകൾ, പഞ്ചായത്ത് ജനകീയ സമിതികൾ, സ്‌കൂൾ പിടിഎ, അദ്ധ്യാപകർ, സന്നദ്ധസംഘടനകൾ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ നടപ്പിലാക്കുക. ഓഗസ്റ്റിൽ ബ്ലോക്കിനു കീഴിലെ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾ, പഞ്ചായത്തുകൾ എന്നിവയ്ക്കു പുരസ്‌ക്കാരം നൽകും. ജില്ലാ വിദ്യാഭ്യാസ വകുപ്പ്, എസ്എസ്എ, എൻഎസ്എസ് എന്നിവയുടെ സഹകരണത്തോടെയാണ് നടത്തിപ്പ്. ഇതിനുളള സംഘാടക സമിതി യോഗം ജൂലൈ 15 ന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും. പദ്ധതിയുമായി ബന്ധപ്പെട്ട പരിശീലനം കിലയിൽ പൂർത്തിയായി. ജലസംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ഡോ. വിദ്യാസാഗർ ക്ലാസ്സെടുത്തു.
യോഗത്തിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി സി ശ്രീദേവി, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി ഡി സിന്ധു, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date