Skip to main content

പരിസ്ഥിതി സൗഹൃദമായി മാലിന്യ സംസ്‌കരണം നടപ്പാക്കണം

പരിസ്ഥിതി സൗഹൃദവും ശാസ്ത്രീയവുമായ രീതിയില്‍ മാലിന്യ സംസ്‌കരണം നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ സംസ്ഥാന നിരീക്ഷണ കമ്മിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള. മാലിന്യ സംസ്‌കരണവും ശുചീകരണവും ജീവിതചര്യയുടെ ഭാഗമാവണമെന്നും അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക നിയമങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മലപ്പുറം ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ ജില്ലാതല മോണിട്ടറിങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ മത്സ്യ മാംസ മാര്‍ക്കറ്റുകള്‍ ഒന്നും തന്നെ ഹരിത ചട്ടം പാലിക്കുന്നില്ലെന്ന കാര്യം കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തിരൂര്‍ പുഴയുടെ തീരത്തുള്ള നടുവിലങ്ങാടി, കടലുണ്ടി പുഴയുടെ തീരത്തുള്ള ഹാജിയാര്‍ പള്ളി എന്നിവിടങ്ങളില്‍ നദീതീര മലിനീകരണം രൂക്ഷമാണ്. ഇവിടങ്ങളിലെ പ്രശ്‌നം പരിഹരിക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് തയ്യാറാക്കിയ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിയേ തീരൂ. മാലിന്യ സംസ്‌കരണം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന  ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ പൊലീസ് നടപടിയെടുക്കണം. വനപ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത് നിരീക്ഷിക്കാന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം. തദ്ദേശ  സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് പാരിസ്ഥിതിക നിയമം നടപ്പാക്കുന്നത് സംബന്ധിച്ചും ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കുന്നത് സംബന്ധിച്ചും പരിശീലനം നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എസ്. ശ്രീകല, മലപ്പുറം പ്രിന്‍സിപ്പല്‍ ജില്ലാ & സെഷന്‍സ് ജഡ്ജ് സുരേഷ് കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി,  മറ്റു ജില്ലാതല നിരീക്ഷണ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date