Skip to main content

പ്രളയാനന്തര പുനര്‍ നിര്‍മ്മാണം; മൂപ്പന്‍മല പാലം പൂര്‍ത്തിയാകുന്നു

 
പ്രളയകാലത്തെ ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായും തകര്‍ന്ന മൂപ്പന്‍മല പാലം എന്നറിയപ്പെടുന്ന ഇളങ്കാട് ടോപ് അങ്കണവാടിപ്പടി പാലത്തിന്‍റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമായി ജില്ലാ പഞ്ചായത്ത് മുഖേനയാണ് 40 ലക്ഷം രൂപ ചെലവിട്ട് പുതിയ പാലം നിര്‍മ്മിക്കുന്നത്.  
 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച  നടപ്പുവഴി മാത്രമുണ്ടായിരുന്ന പലകപ്പാലമാണ് കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലില്‍ കൂറ്റന്‍ പാറകള്‍ വീണ് തകര്‍ന്നത്. ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന മൂപ്പന്‍മല മേഖലയിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാനുള്ള ഏക മാര്‍ഗമായിരുന്നു ഇത്. 

 

പഴയ പാലത്തിനോടു ചേര്‍ന്നു തന്നെയാണ് പുതിയ പാലം പൂര്‍ത്തിയാകുന്നത്. പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ പാറ തുരന്ന് കമ്പി ഇറക്കിയായിരുന്നു നിര്‍മാണം. ഇളംകാട് ടോപ്പ് വരെ മാത്രമേ നിലവില്‍ ബസ് സര്‍വ്വീസുള്ളൂ. ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ അകലെയായാണ് പാലം .
അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരു മാസത്തിനകം പാലം തുറക്കുന്നതോടെ 600 ഓളം കുടുംബങ്ങളുടെ യാത്രാ ദുരിതം പഴങ്കഥയാകും. പാലത്തിനൊപ്പം പ്രളയത്തില്‍ തകര്‍ന്ന മൂന്നു കലുങ്കുകളുടെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്. ജില്ലയില്‍ ആദ്യം ഉരുള്‍പൊട്ടലുണ്ടായ കൊടുങ്ങ ക്ഷേത്രത്തിന് സമീപമുള്ള രണ്ടു കലുങ്കുകളും ഇളംകാട് ഞര്‍ക്കാട് കൂപ്പു ഭാഗത്തുളള വലിയ കലുങ്കുമാണ് 15 ലക്ഷം രൂപ ചെലവിട്ട് പൂര്‍ത്തീകരിക്കുന്നത്. 

date