Skip to main content

പ്രളയം: മത്സ്യബന്ധനമേഖലയില്‍ 91.63 ലക്ഷം രൂപ ലഭ്യമാക്കി

പ്രളയം: മത്സ്യബന്ധനമേഖലയില്‍ 91.63 ലക്ഷം രൂപ ലഭ്യമാക്കി

 

കാക്കനാട്: ജില്ലയിലെ പ്രളയബാധിത മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും ദുരിതാശ്വാസമായി 91.63 ലക്ഷം രൂപ വിതരണം ചെയ്തതായി ഫിഷറീസ് വകുപ്പ് എറണാകുളം മേഖല ഉപ ഡയക്ടര്‍ അറിയിച്ചു.  ജീവനോപാധി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍, മത്സ്യകൃഷി നശിച്ച കര്‍ഷകര്‍, പ്രളയരക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് യാനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍, കടലാക്രമണത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ എന്നിവര്‍ക്കായി 91,63,056 രൂപ ലഭ്യമാക്കി.  

 

പുത്തന്‍വേലിക്കര, കടമക്കുടി, ചേന്ദമംഗലം, കൊച്ചുതുരുത്ത്, കോട്ടയില്‍ കോവിലകം, കൂനമ്മാവ്, തട്ടാംപടി, വെള്ളോട്ടുപുറം, പട്ടണം, ഏഴിക്കര,ചിറ്റാറ്റുകര, ഏലൂര്‍, അയിരൂര്‍ വടക്കേക്കര, ആലങ്ങാട്, കൊങ്ങോര്‍പ്പിള്ളി, എടയാര്‍, മുപ്പത്തടം, പാനായിക്കുളം, മേത്തല, മാഞ്ഞാലി, നീറിക്കോട്, തുരുത്തിപ്പുറം, മൂത്തകുന്നം, ചെറായി, കുഞ്ഞിത്തൈ, കൂട്ടുകാട്, ചക്കമശ്ശേരി, വടക്കുംപുറം, പാലിയംതുരുത്ത്, കരിമ്പാടം, കുമാരമംഗലം, കുത്തിയതോട്, പഴമ്പിള്ളിത്തുരുത്ത്, ഗോതുരുത്ത്, കോട്ടയില്‍, തെക്കുംപുറം എന്നീ പ്രദേശങ്ങളിലെയും മറ്റു ഉള്‍നാടന്‍ പ്രദേശങ്ങളിലെയും  മത്സ്യത്തൊഴിലാളികളേയും മത്സ്യകര്‍ഷകരേയുമാണ് പ്രളയം പ്രതികൂലമായി ബാധിച്ചത്. 

 

മത്സ്യഫെഡ് പ്രോജക്ട് ഓഫീസര്‍, മത്സ്യഭവന്‍ ഓഫീസര്‍, ഫോര്‍മാന്‍ എന്നിവരടങ്ങുന്ന കമ്മറ്റി അര്‍ഹരെന്നു കണ്ടെത്തി ശുപാര്‍ശ ചെയ്ത എല്ലാവര്‍ക്കും ധനസഹായം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനിടെ കേടുപാടു സംഭവിച്ച 121 യാനങ്ങള്‍, പൂര്‍ണ്ണമായും നശിച്ച 73 യാനങ്ങള്‍, ഭാഗികമായി നശിച്ച 315 യാനങ്ങള്‍, പൂര്‍ണ്ണമായും നശിച്ച 557 വലകള്‍, ഭാഗികമായി നശിച്ച 90 വലകള്‍ എന്നീയിനങ്ങളിലും 245 മത്സ്യ കര്‍ഷകര്‍ക്കും 35 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുമാണ് തുക ലഭ്യമാക്കിയത്.

date