Skip to main content

എന്റെ ക്ലീന്‍ എറണാകുളം' ശുചീകരണയജ്ഞത്തിന് ഇന്ന് (ജൂലൈ 13) തുടക്കമാകും 

എന്റെ ക്ലീന്‍ എറണാകുളം' ശുചീകരണയജ്ഞത്തിന് ഇന്ന് (ജൂലൈ 13) തുടക്കമാകും 

മുട്ടം മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് രാവിലെ ഏഴിന് ജില്ലാ കളക്ടര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും

മുട്ടം മെട്രോ സ്‌റ്റേഷന്‍ മുതല്‍ അമ്പാട്ട്കാവ് വരെയുള്ള  ദേശീയപാതയോരം ശുചീകരിക്കും

 

കാക്കനാട്: ജില്ലയെ മാലിന്യമുക്തമാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാഭരണകൂടം നടപ്പിലാക്കുന്ന 'എന്റെ ക്ലീന്‍ എറണാകുളം'പദ്ധതിയ്ക്ക് ഇന്ന് (ജൂലൈ 13) തുടക്കമാകും.  മുട്ടം മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് രാവിലെ ഏഴിന് ജില്ലാ കളക്ടര്‍ എസ്.സുഹാസ്  ഉദ്ഘാടനം ചെയ്യും.  പദ്ധതിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു.  മുട്ടം മെട്രോ സ്‌റ്റേഷന്‍ മുതല്‍ അമ്പാട്ട്കാവ് വരെയുള്ള  ഒരു കിലോമീറ്റര്‍ ദേശീയപാതയോരമാണ് ഇന്ന് ശുചിയാക്കുക.   ശുചീകരണയജ്ഞം രാവിലെ ഏഴു മണിക്ക് തുടങ്ങും.  കളമശ്ശേരി പോളിടെക്‌നിക് കോളേജ്, എസ് സിഎംഎസ്  കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള 250 നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാരും അന്‍പൊട് കൊച്ചി വളണ്ടിയര്‍മാരും പൊതുജനങ്ങളും    പങ്കാളികളാകും. 20 വളണ്ടിയര്‍മാരടങ്ങുന്ന വിവിധ ഗ്രൂപ്പുകളായി തിരിച്ച്, പത്ത് മീറ്റര്‍ അകലത്തില്‍ ശുചീകരണം നടത്തും.  വി.കെ.വി കാറ്ററേഴ്‌സ്, നെസ്റ്റ് ഗ്രൂപ്പ് എന്നിവരാണ് പ്രായോജകര്‍. കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ തൃക്കാക്കര മേഖല രണ്ട് ജെസിബികള്‍ വിട്ടു നല്‍കിയിട്ടുണ്ട്.  

 

യജ്ഞത്തില്‍ പങ്കാളികളാകുന്നവര്‍ക്ക് കുടിവെള്ളം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും കയ്യുറ, മാസ്‌ക് , ടീ ഷര്‍ട്ട്, ക്യാപ്  തുടങ്ങിയവയും ലഭിക്കും.   പദ്ധതി നടത്തിപ്പുമായി സഹകരിക്കണമെന്നും  വളണ്ടിയര്‍മാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും നിര്‍ദ്ദിഷ്ട പാതയോരത്തെ കടയുടമകളോട് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങളുടെ സഹകരണവും അഭ്യര്‍ത്ഥിച്ചു.    ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കാന്‍ കോ ഓഡിനേറ്റര്‍മാരെയും ലൈസന്‍സിങ് ഓഫീസര്‍മാരെയും നിയോഗിക്കും.  പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ആരോഗ്യവകുപ്പ്, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് യജ്ഞം.  ഹരിത കേരളം ശുചിത്വമിഷനുകളും  പങ്കാളികളാകും.

date