Skip to main content

കെയര്‍ഹോം പദ്ധതിയില്‍ വിജയകുമാരിക്ക് പുതുഭവനം

 

    പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട കരകുളം പുരകോട്ടുകോണം സ്വദേശി പി. വിജയകുമാരിക്ക് സര്‍ക്കാരിന്റെ സ്‌നേഹസമ്മാനം. സഹകരണ വകുപ്പിന്റെ പ്രളയ പുനരധിവാസ പദ്ധതിയായ കെയര്‍ ഹോമിലുള്‍പ്പെടുത്തി വിജയകുമാരിക്ക് പുതിയ ഭവനം നിര്‍മിച്ചു നല്‍കി. 470 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള ഭവനത്തില്‍ ഒരു കിടപ്പുമുറി, അടുക്കള, ശുചിമുറി, സ്വീകരണമുറി എന്നിവയുണ്ട്.  4.95 ലക്ഷം രൂപയാണ് ആകെ ചെലവ്.

    കഴിഞ്ഞ പ്രളയകാലത്ത് ശക്തമായ മഴയിലും കാറ്റിലും വിജയകുമാരിയുടെ വീട് പൂര്‍ണമായും തകര്‍ന്നിരുന്നു.  വിജയകുമാരിയും മകള്‍ ആശയും മരുമകനും രണ്ടു കൊച്ചുമക്കളും അടങ്ങുന്ന കുടുംബം ഇനിയെന്ത് എന്നചോദ്യവുമായി പകച്ചുനില്‍ക്കുമ്പോഴായിരുന്നു സര്‍ക്കാരിന്റെ കെയര്‍ഹോം പദ്ധതി തുണയായെത്തിയത്. പദ്ധതി പ്രകാരം കരകുളം സര്‍വീസ് സഹകരണ ബാങ്ക് വീടിന്റെ നിര്‍മാണ ചുമതല ഏറ്റെടുക്കുകയും ആവശ്യമായ സഹായം കൃത്യസമയത്ത് എത്തിക്കുകയും ചെയ്തു.

    കരകുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.ശങ്കരന്‍ നായരുടെ മേല്‍നോട്ടത്തിലാണ് വീടുപണി നടന്നത്. ഉദ്യോഗസ്ഥരും നാട്ടുകാരും കൂടെക്കൂടിയപ്പോള്‍ വിചാരിച്ചതിലും വേഗം വീടുപണി പൂര്‍ത്തിയാക്കാനായി.  ആവശ്യമെങ്കില്‍ കുടുംബത്തിന് തുടര്‍ന്നും സഹായം നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. പ്രളയകാലം മറക്കാനാകാത്ത ഓര്‍മയാണെങ്കിലും സ്വപ്‌നഭവനം ലഭിച്ചതില്‍ അതിയായ സന്തോഷത്തിലാണ് വിജയകുമാരിയും കുടുംബവും.
(പി.ആര്‍.പി. 740/2019)

 

date